SignIn
Kerala Kaumudi Online
Thursday, 05 November 2026 11.10 PM IST

ഈ തടാകത്തിൽ വീണാൽ കല്ലാകും? അടുത്തെത്തിയാൽ അപകടം, ചുവന്ന വെള്ളത്തിന് പിന്നിലെ രഹസ്യം

natron
നാട്രോൺ തടാകം, കല്ലായ പക്ഷികൾ

ഇന്നും വിചിത്രമായി തുടരുന്ന നിരവധി സ്ഥലങ്ങൾ ഭൂമിയിലുണ്ട്. അത്തരമൊരു വിസ്മയമാണ് ടാൻസാനിയയിലെ നാട്രോൺ തടാകം. ഭംഗികണ്ട് ഈ തടാകത്തിന് അടുത്തെത്തുന്നതിന് മുൻപ് അതിന്റെ ഭയപ്പെടുത്തുന്ന മുഖവും മനസിലാക്കണം. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി മാറ്റുമത്രെ. കേട്ടാൽ വിശ്വസിക്കാൻ പറ്റില്ലെങ്കിലും ഇത് സത്യമാണ് അതിന് പിന്നാലെ ശാസ്ത്രീയ കാരണങ്ങൾ നോക്കാം.

lake-natron
നട്രോൺ തടാകം

നട്രോൺ തടാകം

വടക്കൻ ടാൻസാനിയയിൽ 'ഓൾ ഡോയിൻയോ ലെൻഗായി' എന്ന അഗ്നിപർവതത്തിന് സമീപമാണ് 'ലേക് നാട്രോൺ' സ്ഥിതി ചെയ്യുന്നത്. 56 കിലോമീറ്റർ നീളവും 22 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിലെ ജലത്തിന് ചുവപ്പ്, ഓറഞ്ച് നിറമാണ്. 2013ൽ വടക്കൻ ടാൻസാനിയയിൽ ഒരു വിനോദയാത്രയ്ക്കിടെ ബ്രിട്ടീഷ് ഫോട്ടോഗ്രഫർ നിക്ക് ബ്രാൻഡിന്റാണ് ഈ തടാകത്തിന്റെ ചിത്രങ്ങൾ പകർത്തി പുറംലോകത്തെത്തിച്ചത്. കല്ലിൽ കൊത്തിയ പക്ഷികളുടെയും വവ്വാലുകളുടെയും ചിത്രങ്ങളായിരുന്നു അത്. മരിച്ച പക്ഷികൾ കല്ലായി നിൽക്കുന്ന ചിത്രം ലോകത്ത് വലിയ ശ്രദ്ധനേടി.

lake-natron
നട്രോൺ തടാകം

കാരണം

കാണാൻ മനോഹരമാണെങ്കിലും നാട്രോൺ തടാകത്തിലെ വെള്ളം വളരെ ക്ഷാരഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ pH 10.5 വരെ ഉയർന്നതായിരുന്നു. സോഡിയം കാർബണേറ്റ്,​ സോഡിയം ബൈകാർബണേറ്റ് എന്നിവയുടെ ഉയർന്ന സാന്ദ്രത ഈ വെള്ളത്തിലുണ്ട്. വരണ്ട പ്രദേശമായതിനാൽ ഇവിടെ മഴ തീരെ ലഭിക്കില്ല. ചില നദികളിൽ നിന്നും ചൂടുനീരുറവകളിൽനിന്നും മാത്രമാണ് തടാകത്തിലേക്ക് വെള്ളമെത്തുന്നത്. തടാകത്തിന് സമീപമുള്ള ഓൾ ഡോയിൻയോ ലെംഗൈ എന്ന അഗ്നിപർവതം തടാകത്തിന്റെ പ്രതികൂല സാഹചര്യങ്ങൾക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. നാട്രോകാർബണേറ്റുകൾ പുറപ്പെടുവിക്കുന്ന ഒരേയൊരു സജീവ അഗ്നിപർവതമാണിത്.

lake-natron
കല്ലായ ജീവികൾ

ഈ തടാകത്തിലെ ജലത്തിന് കടലിലേക്കോ വലിയ നദികളിലേക്കോ ഒഴുകിപ്പോകാൻ ഒരു മാർഗവുമില്ല എന്നതാണ് മറ്റൊരു കാര്യം. അഗ്നിപർവതത്തിൽ നിന്നുള്ള നാട്രോകാർബണേറ്റ് ലാവ പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനും വരെ അപകടകരമാണ്. അങ്ങനെയാണ് തടാകത്തിന് നാട്രോൺ എന്ന പേര് ലഭിച്ചതെന്നാണ് വിവരം.

lake-natron
നട്രോൺ തടാകം

കല്ലായി മാറുമോ?​

തടാകത്തിൽ എത്തുന്ന പക്ഷികൾ ഉടൻ തന്നെ കല്ലായി മാറുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ക്ഷാരഗുണമുള്ള വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ചത്ത പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരത്തിൽ അടിഞ്ഞുകൂടുകയും തൽഫലമായി അവ കല്ലുകൾക്ക് സമാനമായ കട്ടിയുള്ള ഒന്നായി മാറുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 'കാൽസിഫിക്കേഷൻ' എന്നാണ് ഇതിന് വിളിക്കുന്നത്. തടാകത്തിലെ ഉയർന്ന താപനില അവിടത്തെ സാഹചര്യങ്ങളെ കൂടുതൽ ദുഷ്കരമാക്കുന്നു. കഠിനമായ ചൂടുള്ള സമയങ്ങളിൽ വെള്ളത്തിന്റെ താപനില ഏകദേശം 60 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അമിതമായ ചൂടും ഉയർന്ന ക്ഷാരഗുണവുമുള്ള വെള്ളം പല ജീവികൾക്കും മരണകാരണമായേക്കാം. എന്നാൽ തടാകത്തിലെ വെള്ളത്തിൽ തൊടുന്ന ആരും ഉടൻ തന്നെ കല്ലായി മാറില്ല.

lake-natron
ഫ്ലെമിംഗോ തടാകത്തിൽ നിൽക്കുന്നു

ഫ്ലെമിംഗോ

തടാകത്തിലെ ജലം മാരകമായി അറിയപ്പെടുന്നുണ്ടെങ്കിലും ഫ്ലെമിംഗോകൾക്ക് അങ്ങനെയല്ല. കിഴക്കൻ ആഫ്രിക്കയിലെ 2.5 ദശലക്ഷം ഫ്ലെമിംഗോകളുടെ ഏക സ്ഥിരമായ പ്രജനന മേഖലയാണ് ഈ തടാകവും അതിന്റെ പരിസരപ്രദേശങ്ങളും. മുട്ടയിടാനും ഈ പക്ഷികൾ ഇവിടം തിരഞ്ഞെടുക്കുന്നു. ഫ്ലെമിംഗോകളെ സംബന്ധിച്ചിടത്തോളം നാട്രോൺ തടാകം ഭക്ഷണവും സംരക്ഷണവും ഒരുപോലെ നൽകുന്നു. ഈ തടാകത്തിലെ ജലത്തിൽ വളരുന്ന പ്രത്യേകതരം ആൽഗകളും സൂക്ഷ്മജീവികളുമാണ് ഇവ ഭക്ഷണമാക്കുന്നത്. തടാകത്തിലേക്ക് മറ്റ് മൃഗങ്ങളോ വേട്ടക്കാരോ എത്തുന്നില്ല. ഇത് ഇവയുടെ കുഞ്ഞുങ്ങൾക്കും മുട്ടകൾക്കും കൂടുതൽ സുരക്ഷിതത്വം നൽകുന്നു. മനുഷ്യരെ ഈ തടാകം കല്ലായി മാറ്റുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഈ തടാകത്തിലെ വെള്ളം കുടിക്കുന്നതോ അതിൽ നീന്തുന്നതോ മനുഷ്യന് ദോഷമായി വരാൻ സാദ്ധ്യതയുണ്ട്.

English Summary

Lake Natron in northern Tanzania is one of the world's most unusual natural wonders. Located near the Ol Doinyo Lengai volcano, the lake is known for its striking red and orange water and highly alkaline conditions. Its mineral-rich water can cause the bodies of dead birds and animals to become hardened through a process called calcification, creating stone-like appearances.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAKE NATRON TANZANIA, RED LAKE MYSTERY, LAKE NATRON FLAMINGOS, TANZANIA NATURAL WONDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360