വിദേശികൾക്കായി പുതിയ പാസ്പോർട്ട് വിസ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. ശ്രീലങ്കൻ തമിഴർ, ടിബറ്റുകാർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ അഭയാർത്ഥികൾക്കാണ് പുതിയ മാറ്റങ്ങൾ ബാധകമാകുന്നത്.
നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് പ്രത്യേക യാത്രാ ഇളവുകളും നൽകിയിട്ടുണ്ട്. യാത്രാ രേഖകൾ പുതുക്കാൻ കഴിയാത്തവർക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദം ലഭിച്ചവർക്കും പുതിയ ഭേദഗതികൾ ആശ്വാസം നൽകുന്നതാണ്. നവംബർ അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച 2026 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സിന്റെ (എക്സെംപ്ഷൻ) (ഭേദഗതി) ഉത്തരവിന്റെ ഭാഗമായാണ് പുതുക്കിയ വ്യവസ്ഥകൾ.
ചില പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഈ വ്യവസ്ഥകളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ തുടർന്നും താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ വിസ ഉണ്ടായിരിക്കണം.
പാകിസ്ഥാൻ പൗരന്മാർക്കുള്ള ഇളവുകൾ
പുതുക്കിയ വ്യവസ്ഥകൾ പ്രകാരം, 2009 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ പാകിസ്ഥാൻ പൗരന്മാർക്ക് സാധാരണ പാസ്പോർട്ട് പുതുക്കൽ നിബന്ധനകളിൽ ഇളവ് ലഭിച്ചേക്കും. പാക് സർക്കാർ നൽകുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സി.എൻ.ഐ.സി) കൈവശമില്ലാത്തതിനാൽ ആവശ്യമായ രേഖകൾ പുതുക്കാൻ കഴിയാത്തവരെയാണ് ഈ ഇളവ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ, ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകൾ പാലിക്കണം.
-പാകിസ്ഥാനിൽ താമസിക്കുന്ന കാലയളവിൽ വ്യക്തി വിവാഹിതനായിരിക്കരുത്.
-പാകിസ്ഥാനിൽ ഒരു സ്ഥാവര സ്വത്തും ഇവരുടെ പേരിൽ ഉണ്ടായിരിക്കരുത്.
- പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ പൗരന്മാരായ കുടുംബാംഗങ്ങളെ ഇന്ത്യയിൽത്തന്നെ ഉപേക്ഷിച്ചുപോകണം.
-ഇനി പാകിസ്ഥാനിലേക്ക് മടങ്ങില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണം.
-ഇവർക്കെതിരെ പൊലീസിന്റെയോ സുരക്ഷാ ഏജൻസികളുടെയോ പക്കൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകളൊന്നും ഉണ്ടായിരിക്കരുത്.
ആവശ്യമായ തിരിച്ചറിയൽ രേഖകളുടെ അഭാവം മൂലം പാകിസ്ഥാൻ യാത്രാരേഖകൾ പുതുക്കാൻ കഴിയാത്ത പ്രത്യേക വിഭാഗം ആളുകൾക്കാണ് ഈ ഇളവുകൾ ബാധകമാകുന്നത്.
എന്തൊക്കെ ഇളവുകളാണ് ന്യൂനപക്ഷ അഭയാർത്ഥികൾക്ക് ലഭിക്കുന്നത്
പുതിയ ഭേദഗതി പ്രകാരം, 2024 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മതപരമായ പീഡനങ്ങൾ നേരിട്ടതിനെത്തുടർന്നോ അത്തരം പീഡനങ്ങൾ ഭയന്നോ ഇന്ത്യയിൽ അഭയം തേടിയവരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സാധുവായ പാസ്പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയവർക്കും, ഇന്ത്യയിലെത്തിയശേഷം ഇത്തരം രേഖകളുടെ കാലാവധി അവസാനിച്ചവർക്കും ഇളവ് ബാധകമാണ്. എന്നാൽ, പാസ്പോർട്ട് നിബന്ധനകളിൽ ഇളവ് ലഭിക്കുന്നതുകൊണ്ട് മാത്രം ഇന്ത്യയിൽ അനിശ്ചിതകാലം താമസിക്കാനുള്ള അനുമതി ലഭിക്കില്ല. രാജ്യത്ത് തുടർന്നും താമസിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് ബാധകമായ വിസയും മറ്റ് ആവശ്യമായ രേഖകളും നേടേണ്ടതുണ്ട്. അതായത്, ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ചില യാത്രാരേഖാ നിബന്ധനകളിൽ ഇളവ് ലഭിക്കുമെങ്കിലും രാജ്യത്ത് താമസിക്കുന്നതിനുള്ള മറ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരിക്കണം.
ശ്രീലങ്കൻ തമിഴർക്കും ടിബറ്റൻ അഭയാർത്ഥികൾക്കുമുള്ള ആനുകൂല്യം
ശ്രീലങ്കയിൽ നിന്ന് രജിസ്റ്റർ ചെയ്ത തമിഴ് അഭയാർത്ഥികൾക്കും ചില ടിബറ്റൻ പൗരന്മാർക്കും പാസ്പോർട്ട്, വിസ നിബന്ധനകളിൽ ഇളവ് അനുവദിക്കുന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന വ്യവസ്ഥ. 2015 ജനുവരി ഒമ്പതിനോ അതിനുമുമ്പോ ഇന്ത്യയിൽ അഭയം തേടിയ രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴ് പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിബറ്റൻ പൗരന്മാരിൽ പ്രത്യേക വിഭാഗങ്ങൾക്കും സമാനമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
1959 മുതൽ 2003 മേയ് 30 വരെയുള്ള കാലയളവിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നൽകിയ പ്രത്യേക പ്രവേശന പെർമിറ്റ് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ ടിബറ്റുകാർ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, 2003 മേയ് 30ന് ശേഷം ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ നിർദിഷ്ട ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകൾ വഴി പ്രത്യേക പ്രവേശന പെർമിറ്റ് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ ടിബറ്റൻ പൗരന്മാർക്കും ഇളവുകൾ ലഭിക്കും.
India has introduced new passport and visa rules for foreigners under the Immigration and Foreigners (Exemption) (Amendment) Order 2026, published by the Ministry of Home Affairs on November 5.The changes mainly benefit Sri Lankan Tamils, Tibetans, and minority refugees from Afghanistan, Bangladesh, and Pakistan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |