ന്യൂഡൽഹി: ഓൺലൈൻ വ്യാപാരങ്ങളിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്
ഇ-കൊമേഴ്സ് നിയമങ്ങളിൽ കർശന ഭേദഗതിയുമായി
കേന്ദ്രഉപഭോക്തൃകാര്യ മന്ത്രാലയം.
ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്ന സാഹചര്യത്തിലാണിത്. ചട്ടങ്ങൾ 2027 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാകും.
നിർദ്ദേശങ്ങൾ:
വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ, കുറഞ്ഞ വിലയും ഒരു മാസം മുൻപ് ആ ഉൽപന്നത്തിന്(സേവനത്തിന്) നൽകിയ കുറഞ്ഞ വിലയും പ്രദർശിപ്പിക്കണം.
ഉപഭോക്താക്കൾ ഉൽപന്നങ്ങളുടെ വിവരങ്ങൾ തിരയുന്നതിന്റെ ഡാറ്റ ദുരുപയോഗപ്പെടുത്താൻ പാടില്ല.
കമ്പനി പണം വാങ്ങി പ്രാധാന്യത്തോടെ നൽകുന്ന സ്പോൺസേർഡ് ഉൽപന്നങ്ങളുടെ പട്ടികയും സാധാരണ പട്ടികയും തിരിച്ചറിയാനാകണം,
ഉപഭോക്താവിന് താത്പര്യമില്ലാത്ത സാധനങ്ങൾ വാങ്ങിപ്പിക്കാനുള്ള തന്ത്രങ്ങൾ പാടില്ല.
സ്ഥാപനങ്ങൾ എല്ലാവർഷവും സ്വയം ഓഡിറ്റ് നടത്തണം. സർട്ടിഫിക്കറ്റ് വ്യക്തമായി പ്രദർശിപ്പിക്കണം.
ഉൽപ്പന്നം വിൽക്കുന്നവരുടെ വിവരങ്ങൾ, ഉൽപന്നങ്ങൾ ഉപയോഗിച്ചിരിക്കേണ്ട കാലാവധി, റിട്ടേൺ, റീഫണ്ട് നിബന്ധനകൾ, വാറന്റി, ഡെലിവറി, പണമിടപാട് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളും നൽകണം.
ഇറക്കുമതി ചെയ്തവ ഏതു രാജ്യത്തു നിന്നാണെന്ന് വെളിപ്പെടുത്തണം.
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉപഭോക്തൃവിവരങ്ങൾ മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി സമ്മതമില്ലാതെ ഉപയോഗിക്കരുത്.
ലോയൽറ്റി അല്ലെങ്കിൽ അംഗത്വ പ്രോഗ്രാമുകൾക്കായുള്ള നിർദ്ദിഷ്ടവ്യവസ്ഥയ്ക്ക് കീഴിലല്ലാതെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ബന്ധമില്ലാത്ത സേവനങ്ങൾക്കായി ഒന്നിച്ച് പണം വാങ്ങരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |