
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ കണ്ടെത്തിയ അഞ്ച് ഒറാങ്കൂട്ടനുകളാണ് ഇപ്പോൾ ചർച്ചാവിഷയം. ഇന്ത്യയിൽ കാണപ്പെടാത്തതും വംശനാശഭീഷണി നേരിടുന്നതുമായ ഒറാങ്കൂട്ടന്മാർ എങ്ങനെ ഇവിടെയെത്തി എന്നാണ് അന്വേഷിക്കുന്നത്. അപൂർവ്വ ഇനത്തിൽപ്പെട്ടവയും ഉയർന്ന വിപണി മൂല്യമുള്ളവയുമായതിനാൽ ഇവയെ കടത്താൻ ശ്രമിച്ചതാണോ എന്നാണ് സംശയം. വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഒഡീഷ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും അന്വേഷണം ആരംഭിച്ചു. ഉദയപൂർതൽസാരി മേഖലയിലുള്ള തോട്ടത്തിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഈ പ്രദേശത്ത് നാട്ടുകാർ ഒരു കറുത്ത എസ്.യു.വി കാർ കണ്ടിരുന്നു. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ ബോർണിയോയിലും സുമാത്രയിലും മാത്രമാണ് ഇവ കാണപ്പെടുന്നത്. ഒറാങ്കൂട്ടന്മാരെ ഭുവനേശ്വറിലെ നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ക്വാറന്റൈനിൽ പാർപ്പിക്കുകയും ഡോക്ടർമാരുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
കുരങ്ങുകളോട് സാമ്യം
ഒറാങ്കൂട്ടന്മാരെ പൊതുവേ കുരങ്ങുകൾ എന്ന് വിളിക്കാറുണ്ട് എന്നാൽ യഥാർത്ഥത്തിൽ ഇവ 'ഗ്രേറ്റ് ഏപ്' വിഭാഗത്തിൽപ്പെട്ടവയാണ്. ഗൊറില്ലകൾ, ചിമ്പാൻസികൾ, ബോണോബോകൾ, മനുഷ്യർ എന്നിവരടങ്ങുന്ന അതേ കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് വാലുകൾ ഇല്ല. നീളമുള്ള, പരുക്കൻ രോമങ്ങൾ. ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ടുനിറം. കാലിനേക്കാൾ നീളമുള്ള കൈകൾ, വസ്തുക്കളെ മുറുകെപ്പിടിക്കാൻ സഹായിക്കുന്ന കൈകാലുകൾ
എന്നിവ പ്രത്യേകതകളാണ്. മരങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ രീതിയിലാണ് ഇവയുടെ ശരീരഘടന. ലോകത്തിലെ ഏറ്റവും വലിയ മരവാസി സസ്തനികളായി കണക്കാക്കപ്പെടുന്നു. പൊതുവെ ഏകാന്തജീവിതം നയിക്കുന്നവയാണ്. റാങ്കൂട്ടാൻ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി വർഷങ്ങളോളം ചെലവഴിക്കുന്നു.പഴങ്ങൾ,ഇലകൾ, പൂക്കൾ, പ്രാണികൾ, മറ്റ് സസ്യഭാഗങ്ങൾ എന്നിവ കഴിക്കുന്നു. ഭക്ഷണം ലഭ്യമല്ലാത്തപ്പോൾ, പക്ഷികളുടെ മുട്ടകളും ഇടയ്ക്കിടെ ചെറിയ മൃഗങ്ങളെയുംഭക്ഷിക്കാറുണ്ട്.വനനശീകരണം, കൃഷിഭൂമി വിപുലീകരണം, കാട്ടുതീ, വേട്ടയാടൽ, വന്യജീവികളുടെ അനധികൃത കടത്ത് എന്നിവയെല്ലാം അവയുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |