
ന്യൂയോർക്ക് : കാൽപ്പന്തുകളിയിലെ കനകകിരീടത്തിന്റെ അടുത്ത നാലുവർഷത്തെ അവകാശികളാരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥ്യം വഹിച്ച, 48 രാജ്യങ്ങൾ മാറ്റുരച്ച, 39 ദിവസങ്ങൾ നീണ്ട ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യൻസായ സ്പെയ്നും തമ്മിലുള്ള പോരാട്ടത്തോടെ തിരശീല വീഴും.
ഒരുവശത്ത് മൂന്ന് വട്ടം കപ്പുയർത്തിയിട്ടുള്ള അർജന്റീന. നയിക്കുന്നത് എക്കാലത്തെയും മികച്ച ഫുട്ബാൾ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന ലയണൽ മെസി. നാലുവർഷം മുമ്പ് ഖത്തറിൽ ലോകകിരീടമേറ്റുവാങ്ങി അവതാരപ്പിറവിയുടെ പൂർണത കൈവരിച്ച ആരാധകരുടെ മിശിഹ. ഒരേമനസോടെ നിൽക്കാൻ പരേഡസും അൽവാരേസും മൊളിനയും സിമിയോണിയും തഗ്ളിയാഫിക്കോയും എൻസോയും ലൗതാരോയുമൊക്കെയടങ്ങുന്ന പട.
മറുവശത്ത് 16 കൊല്ലം മുമ്പ് ആദ്യലോകകിരീടമേറ്റുവാങ്ങിയതിന് ശേഷം ആദ്യമായി ഫൈനൽ കളിക്കാനെത്തുന്ന സ്പെയ്ൻ. കൃത്യതയാർന്ന പാസുകളിലൂടെ കളിയുടെ വേഗവും താളവും നിയന്ത്രിക്കുന്ന റൊഡ്രിയെന്ന റൊഡ്രിഗോ ഹെർണാണ്ടസ് കസ്കാന്റേയാണ് നായകൻ. 19 വയസുമാത്രമെങ്കിലും മെസിയുടെ പിൻഗാമിയെന്ന് വാഴ്ത്തപ്പെട്ട ലാമിൻ യമാൽ തുറുപ്പുചീട്ട്. വിംഗുകളിലൂടെ ഇരച്ചുയറുന്ന കുക്കറേലയും ഗോളടിച്ചുകൂട്ടുന്ന ഒയർസബാലും പ്രതിരോധപ്പൂട്ടിടുന്ന പാവു കുബാർസിയും പകരക്കാരനായിറങ്ങി കിട്ടുന്ന ആദ്യപന്തുതന്നെ ഗോളാക്കുന്ന മൈക്കേൽ മെരിനയുമൊക്കെച്ചേരുമ്പോൾ ഒന്നുറപ്പ് ഈ കിരീടധാരണം ആർക്കും അത്ര എളുപ്പമാവില്ല.!
രാത്രി 12.30 മുതൽ യുണൈറ്റ് 8 സ്പോർട്സിലും സീ ഫൈവിലും ലൈവ്.
നിലവിലെ യൂറോകപ്പ് ജേതാക്കളും കോപ്പ അമേരിക്ക ചാമ്പ്യന്മാരും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ആദ്യം.
തന്റെ മൂന്നാം ലോകകപ്പ് ഫൈനലിനാണ് മെസി ഇറങ്ങുന്നത്. സ്പാനിഷ് താരങ്ങൾക്ക് ഇത് ആദ്യ ലോകകപ്പ് ഫൈനൽ.
ലോകകപ്പിൽ ഒരിക്കൽമാത്രമാണ് (1966)അർജന്റീനയും സ്പെയ്നും ഏറ്റുമുട്ടിയത്. അന്ന് ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ അർജന്റീന 2-1ന് ജയിച്ചു.
ഇറ്റലിക്കും (1934,38) ബ്രസീലിനും (1958,62) ശേഷം തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിലെത്തുന്ന ആദ്യ ടീമാണ് അർജന്റീന. ഇറ്റലിയും ബ്രസീലും തുടർച്ചയായി രണ്ട് വട്ടം കിരീമുയർത്തുകയും ചെയ്തു.
കഴിഞ്ഞ 12 വർഷത്തിനിടെ അർജന്റീന ഫൈനലിലെത്തുന്നത് ഇത് മൂന്നാം തവണയാണ്. 2014ൽ റണ്ണേഴ്സ് അപ്പാവുകയും 2022ൽ കിരീടം നേടുകയും ചെയ്തു.
3 തവണ ലോകകപ്പ് ഉയർത്തിയിട്ടുള്ള ടീമാണ് അർജന്റീന.
2010ന് ശേഷം ആദ്യമായാണ് സ്പെയ്ൻ ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്.
1 തവണമാത്രമേ സ്പെയ്ൻ ലോകകപ്പ് നേടിയിട്ടുള്ളൂ.
ഒരു കളിപോലും തോൽക്കാതെയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |