SignIn
Kerala Kaumudi Online
Thursday, 16 July 2026 10.00 PM IST

ഭൂമിയില്‍ ഒരു അര്‍ജന്റീനക്കാരനും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സ്ഥലം; ഫൈനലിന് മുമ്പ് ആശങ്കയാകുന്ന 'ജൂണ്‍ 26'

lionel-messi
ലയണല്‍ മെസി (ഫയല്‍ ചിത്രം)

ന്യൂ ജേഴ്‌സി: തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിന് അര്‍ജന്റീന യോഗ്യത നേടിയതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കലാശപ്പോരില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് മെസിയും സംഘവും തങ്ങളുടെ വിശ്വകിരീടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. മികച്ച ഫോമിലാണ് അര്‍ജന്റീന കളിക്കുന്നത്. പിന്നില്‍പ്പോകുന്ന മത്സരങ്ങളില്‍ പോലും തോറ്റുകൊടുക്കാന്‍ തയ്യാറാവാത്ത പോരാട്ടവീര്യം ഒന്നിലധികം തവണ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്ന ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം പക്ഷേ ലോകത്തുള്ള ഒരു അര്‍ജന്റീന ആരാധകനും അത്ര നല്ല ഓര്‍മ്മകളല്ല സമ്മാനിച്ചിട്ടുള്ളത്. ഫൈനലിന് അതേ സ്റ്റേഡിയത്തിലേക്ക് മെസിയും സംഘവും എത്തുമ്പോള്‍ കൃത്യം പത്ത് വര്‍ഷം മുമ്പ് 2016 ജൂണ്‍ 26ന് നടന്ന ഒരു ശതാബ്ദി കോപ്പയുടെ ഫൈനലായിരിക്കും ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുക. അന്ന് ചിലിയുമായുള്ള ആ കലാശപ്പോര് അര്‍ജന്റീനയുടെയും മെസിയുടേയും കണ്ണീര് വീഴ്ത്തിയിരുന്നു.

നിശ്ചിത സമയത്തും അദിക സമയത്തും ഗോള്‍രഹിത സമനിലയായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയി. അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസിക്ക് പിഴച്ചു. 4-2 എന്ന സ്‌കോറിന് അര്‍ജന്റീനയെ വീഴ്ത്തി ചിലി കിരീടം ചൂടി. രണ്ട് വര്‍ഷത്തിനിടെ മൂന്നാം ഫൈനല്‍ തോല്‍വി (2014 ലോകകപ്പ് ഫൈനല്‍ ഉള്‍പ്പെടെ) മെസിയെ മാനസികമായി തളര്‍ത്തി. സ്റ്റേഡിയത്തില്‍ കൊച്ച് കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ മെസിയെ കണ്ട് ആരാധകരും പൊട്ടിക്കരഞ്ഞു.

ഫൈനല്‍ തോല്‍വിയില്‍ മനംനൊന്ത് നിന്ന ആരാധകര്‍ പിന്നെ കേട്ടത് ഇടിത്തീപ്പോലുള്ള മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു. 29ാം വയസ്സില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നുവെന്നും രാജ്യത്തിനായി പരമാവധി ശ്രമിച്ചുവെന്നും ഇനി ഒന്നും ചെയ്യാനില്ല എന്നുമായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം. പിന്നീട് 2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍പ്പോലും മെസിയില്ലാതെ അര്‍ജന്റീന വലഞ്ഞു. തുടര്‍ തോല്‍വികളും ലോകകപ്പിന് പോലും യോഗ്യത കിട്ടില്ലെന്ന സ്ഥിതിയും ആരാധകര്‍ മുതല്‍ രാജ്യത്തെ പ്രസിഡന്റിനെ വരെ അസ്വസ്ഥനാക്കി.

പന്നീട് ഒരു ജനത മുഴുവന്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മെസി തിരികെയെത്തി. അവിടെ നിന്ന് രണ്ട് തവണ കോപ്പ അമേരിക്കയും ഒരു ഫൈനലിസിമയും ഒരു ലോകകപ്പും മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കരസ്ഥമാക്കി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്റ്റേഡിയത്തില്‍ മറ്റൊരു ഫൈനലിന് മെസിയും സംഘവും എത്തുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുകയാണ്, ഇത് ആ പഴയ അര്‍ജന്റീനയും മെസിയുമല്ല. അന്നത്തെ കണ്ണീരോര്‍മകള്‍ കഴുകിക്കളയുവാന്‍ കൂടി ഈ കിരീടം മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ മെസി ഉയര്‍ത്തുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു.

English Summary

lionel messi and argentina fans wont like to remember june 26

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, ARGENTINA, JUNE 26
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360