ഗ്വാഡലൂപ്പ്: ഫുട്‌ബോൾ ലോകത്ത് പിതാവിന്റെ പാരമ്പര്യം കാത്ത് മക്കളും അതേ ജേഴ്‌സിയിൽ കളിക്കളത്തിൽ എത്തുന്നത് പതിവുകാഴ്‌ചയാണ്. സിദാൻ, മാൾഡീനി, തുറാം, ഹാളണ്ട്, സിമിയോണി, സ്‌മൈക്കിൾ തുടങ്ങിയ പ്രമുഖ ഫുട്‌ബോൾ കുടുംബങ്ങളിലെ അച്ഛന്മാരും മക്കളും ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും ഒരുപോലെ തിളങ്ങി ഫുട്‌ബോൾ ചരിത്രത്തിൽ ഇടംപിടിച്ചവരാണ്. എന്നാൽ ഡച്ച് ഫുട്‌ബോൾ ഇതിഹാസം പാട്രിക് ക്ലൈവർട്ടും അദ്ദേഹത്തിന്റെ മകൻ ജസ്റ്റിൻ ക്ലൈവർട്ടും തമ്മിലുള്ള അപൂർവ്വവ സാമ്യതയാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് ചർച്ചയാകുന്നത്.
കൃത്യം 26 വർഷങ്ങളുടെ വ്യത്യാസത്തിൽ, ഒരേ തീയതിയിൽ, ഒരേ പോസ്റ്റിൽ പന്ത് അടിച്ച് അച്ഛനും മകനും പെനാൽറ്റി പാഴാക്കിയപ്പോൾ രണ്ട് വിജയങ്ങളാണ് നെതർലൻഡ്സിന് നഷ്ടമായത്. യൂറോ കപ്പ് 2000 സെമി ഫൈനലിൽ ഇറ്റലിയെ നേരിടുകയായിരുന്നു ആതിഥേയരായ നെതർലൻഡ്സ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡച്ച് പടയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നു. രാജ്യം മുഴുവൻ ഉറ്റുനോക്കിയ ആ കിക്ക് എടുക്കാൻ വന്നതാകട്ടെ 1994 മുതൽ 2004 വരെ നെതർലൻഡ്സിനായി കളിച്ച സൂപ്പർ താരം പാട്രിക് ക്ലൈവർട്ടായിരുന്നു. എന്നാൽ, ഗോൾകീപ്പറുടെ വലതുവശത്തേക്ക് പാട്രിക് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ താഴത്തെ ഭാഗത്തിടിച്ച് പുറത്തേക്ക് തെറിച്ചു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഇറ്റലിയോട് തോറ്റ് നെതർലൻഡ്സ് പുറത്താവുകയും ചെയ്തു.
🗓️ 29/06/00 - Patrick Kluivert erró su penal en Semi de Euro.
— Ataque Futbolero (@AtaqueFutbolero) June 30, 2026
🗓️ 29/06/26 - Justin Kluivert erró su penal en 16vos de Mundial.
Padre e hijo, MISMA ejecución, con Holanda siendo eliminada, el MISMO DÍA con 26 AÑOS DE DIFERENCIA.
INCREÍBLE. 😳⛔️ pic.twitter.com/dKV1IhizY7
കൃത്യം 26 വർഷങ്ങൾക്ക് ശേഷം അതേ ദിവസം ജൂൺ 29-ന് വിധി അതിന്റെ രണ്ടാം അദ്ധ്യായം എഴുതി. ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ മൊറോക്കോയെ നേരിടുകയായിരുന്നു നെതർലൻഡ്‌സ്. ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അച്ഛൻ അണിഞ്ഞ അതേ പ്രശസ്തമായ ഓറഞ്ച് ജേഴ്സിയണിഞ്ഞ് മകൻ ജസ്റ്റിൻ ക്ലൈവർട്ട് കിക്ക് എടുക്കാനായി മുന്നോട്ട് വന്നു. സമ്മർദ്ദഘട്ടത്തിൽ ജസ്റ്റിൻ എടുത്ത ഷോട്ട് നേരെ പോയത് അച്ഛന്റെ പെനാൽറ്റി പതിച്ച പോസ്റ്റിന്റെ അതേ വലതു ഭാഗത്തേക്കായിരുന്നു. പന്ത് പോസ്റ്റിലിടിച്ച് തെറിച്ചതോടെ നെതർലൻഡ്‌സ് ലോകകപ്പിൽ നിന്നും പുറത്തായി. മൊറോക്കോ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഫുട്ബോൾ ലോകത്ത് അച്ഛനും മകനും കിരീടങ്ങൾ നേടുകയും ചരിത്രം കുറിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും ക്ലൈവർട്ട് കുടുംബത്തിന് കാലം കാത്തുവച്ചത് മറ്റാർക്കും ഇല്ലാത്ത വേദനയുടെ അപൂർവ്വ കഥയാണ്. തന്റെ കരിയറിലുടനീളം അച്ഛന്റെ നിഴലിൽ നിന്നും മാറി സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ജസ്റ്റിൻ. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ രണ്ട് പെനാൽറ്റികളുടെയും ദൃശ്യങ്ങൾ വൈറലാകുമ്പോൾ, ഒരുപക്ഷേ ലോകത്തിലെ ഒരു അച്ഛനും മകനും പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത വിചിത്രമായൊരു ഫുട്ബോൾ ഓർമ്മയായി ഇത് ചരിത്രത്തിൽ അവശേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |