
അബുദാബി: വീണ്ടും പ്രവാസിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം. സിറിയൻ പ്രവാസിയെ തേടിയാണ് ബിഗ് ടിക്കറ്റിന്റെ 20 മില്യൺ ദിർഹത്തിന്റെ ( 44,75,67,571) സമ്മാനം എത്തിയത്. കഴിഞ്ഞ ദിവസം നടന്ന 257 സീരീസ് നറുക്കെടുപ്പിലാണ് സിറിയൻ പ്രവാസിയായ അസ്മി മതാനിയസ് ഹുറാനിയെ തേടി കോടികളുടെ സൗഭാഗ്യം വന്നെത്തിയത്. കഴിഞ്ഞ 25 വർഷമായി അസ്മി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്ന ആളാണ്.
നൂറ് തവണയോളം ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ ദിവസമാണ് തന്റെ ഭാഗ്യം തെളിഞ്ഞതെന്നും അസ്മി ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. സമ്മാനം ലഭിച്ചതിന് പിന്നാലെ ബിഗ് ടിക്കറ്റ് അധികൃതർ അസ്മിയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. ജർമ്മനിയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അസ്മി ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്നതിനെ കുറിച്ച് അസ്മിക്ക് കൃത്യമായ പ്ലാനുകളൊന്നുമില്ല. മികച്ച നിക്ഷേപങ്ങൾ കണ്ടെത്തി പണം നിക്ഷേപിക്കണമെന്ന് അസ്മി പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പത്തോളം ഭാഗ്യശാലികൾക്ക് സമ്മാനം ലഭിച്ചിരുന്നു. ഓരോരുത്തർക്കും 59,000 ദിർഹം വിലവരുന്ന സ്വർണമാണ് സമ്മാനമായി ലഭിച്ചത്.
കൂടാതെ കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പിൽ സൗദിയിലെ ഇന്ത്യൻ പ്രവാസിയായ അസറുദ്ദീൻ മൂപ്പർ അമീദിനെ തേടി പുതിയ മസെരാട്ടി ഗിബ്ലി കാർ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യയിൽ താമസിക്കുന്ന അസറുദ്ദീൻ 'നെസ്മ പാർട്‌ണേഴ്സിൽ' ജോലി ചെയ്യുന്നയാളാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി അസറുദ്ദീൻ സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |