
മസ്കറ്റ്: ഒമാനിലെ ദുകം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംടി സെലസ്റ്റിയൽ എന്ന ചരക്കുകപ്പലിലെ സെക്കൻന്റ് ഓഫീസറായിരുന്ന തമിഴ്നാട് സ്വദേശി നിശാന്ത് ഉയിർത്തനാഥൻ (35) ആണ് മരണപ്പെട്ടത്. നിശാന്തിന്റെ ഭൗതികശരീരം എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
നിലവില്‍ നാവികന്റെ മൃതദേഹം ദുകം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ തന്നെയാണെന്നും കപ്പല്‍ മാനേജ്‌മെന്റ് കമ്പനിയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും തുടര്‍ച്ചയായി വിവരങ്ങൾ തേടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ജൂൺ 11നാണ് നിശാന്ത് കപ്പലിൽ വച്ച് ആരോഗ്യസംബന്ധമായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരണപ്പെട്ടത്. മേഖലയിൽ തുടരുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങളും മിസൈൽ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ കഴിഞ്ഞിയാതെ വന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആരോപിച്ചു.
മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കൃത്യമായി സംരക്ഷിക്കാനുള്ള സൗകര്യങ്ങൾ കപ്പലിൽ ഇല്ലാത്തതിനാൽ മൃതദേഹം ജീർണിക്കാൻ തുടങ്ങിയതായി ജീവനക്കാർ പറഞ്ഞു. ഒമാനിലെ ദുകം പോർട്ട് കൺട്രോളുമായി കപ്പലിന്റെ ക്യാപ്റ്റൻ രാജേന്ദ്ര യാദവ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം സഹായം വൈകുകയായിരുന്നു. അതേസമയം, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ മൃതദേഹം തമിഴ്‌നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറാൻ സാധിക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |