പ്യോംങ്യാംഗ്: ഉത്തരകൊറിയയുടെ ആണവ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂകമ്പങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണം രാജ്യത്തിന്റെ ആണവ പരീക്ഷണങ്ങളാകാമെന്ന് പഠനം. 2017ൽ ഉത്തരകൊറിയ അവസാനമായി നടത്തിയ ആണവ പരീക്ഷണത്തിന് ശേഷവും ഈ പ്രദേശത്ത് ഭൂചലനങ്ങൾ ആവർത്തിക്കുകയാണെന്നും, കാലക്രമേണ ഇവയുടെ തീവ്രത വർദ്ധിച്ചുവരികയാണെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
മൗണ്ട് മാൻടാപ്പും പരിസര പ്രദേശങ്ങളും കഴിഞ്ഞ 2,000 വർഷങ്ങളായി യാതൊരുവിധ ഭൂകമ്പങ്ങളുമില്ലാതെ ശാന്തമായിരുന്നു. എന്നാൽ 2006-നും 2017-നും ഇടയിൽ ഉത്തരകൊറിയ ആറ് ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തിയ ഈ പർവ്വതത്തിന് ചുറ്റും 2008 മുതൽ 2025 വരെയുള്ള കാലയളവിൽ 1,399 ഭൂകമ്പങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്.
ഉത്തരകൊറിയയുടെ മൂന്നാമത്തെ ആണവ പരീക്ഷണത്തിന് ശേഷം 2013ലാണ് ഇവിടെ ആദ്യമായി ഒരു ഭൂകമ്പം രേഖപ്പെടുത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ ചെറിയ ഭൂചലനങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2017ൽ രാജ്യം നടത്തിയ ഏറ്റവും വലിയ ആണവ പരീക്ഷണത്തിന് ശേഷം കാര്യങ്ങൾ ആകെ മാറിമറിയുകയായിരുന്നു.
ആറാമത്തെ പരീക്ഷണത്തിന് ശേഷം ഈ മേഖലയിലെ ഭൂചലനങ്ങളുടെ തീവ്രത ഗണ്യമായി വർദ്ധിച്ചതായി പഠനത്തിന്റെ മുഖ്യ രചയിതാക്കൾ വ്യക്തമാക്കി. 2017ലെ പരീക്ഷണം റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് കാരണമായിരുന്നു. ഇത് മലനിരകളിലെ തുരങ്കങ്ങൾ തകരുന്നതിനും പർവ്വതങ്ങളുടെ മുകൾ ഭാഗങ്ങളുടെ ആകൃതി മൂന്ന് മീറ്ററോളം മാറുന്നതിനും ഇടയാക്കിയിരിക്കാം.
പരീക്ഷണങ്ങൾക്ക് ശേഷം രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ വലിയ തോതിലുള്ളവയായിരുന്നില്ല. ഇവയിൽ ഭൂരിഭാഗവും രണ്ടിനും മൂന്നിനും ഇടയിൽ തീവ്രതയുള്ളവയായിരുന്നു എന്നാണ് പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജിയോളജിക്കൽ സയൻസസ് ഡിപ്പാർട്ട്‌മെന്റ് പ്രൊഫസറായ കിം വ്യക്തമാക്കിയത്. കൂടാതെ ഇവ ആഴം കുറഞ്ഞ ഭാഗങ്ങളിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഈ പ്രദേശം ശാന്തമായിരുന്നു. ചൈനയിലെയും കൊറിയയിലെയും 2,000 വർഷത്തിലധികം പഴക്കമുള്ള ചരിത്ര രേഖകൾ പരിശോധിച്ചാൽ 100 കിലോമീറ്റർ അകലെയാണ് ഒരു സംഭവം ഉണ്ടായിട്ടുള്ളത്. ഇവിടെ പൂർണമായും ഭൂകമ്പങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകില്ലെങ്കിലും ഈ പ്രദേശത്തെ ഭൂചലനങ്ങൾ വളരെ കുറവായിരുന്നുവെന്ന് പ്രൊഫസർ കിം കൂട്ടിച്ചേർത്തു.
2017ലെ സ്‌ഫോടനത്തിന് ശേഷം മൗണ്ട് മാൻടാപ്പിന് താഴെയുള്ള പ്രദേശങ്ങൾ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. സ്‌ഫോടനത്തെ തുടർന്ന് പർവ്വതത്തിനുള്ളിലെ അടഞ്ഞുകിടക്കുന്ന വിള്ളലുകളെ വീണ്ടും സജീവമാക്കി. കൂടാതെ, സ്‌ഫോടനത്തിലൂടെ പാറകളിൽ പുതിയതായി രൂപപ്പെട്ട വിള്ളലുകളിൽ വെള്ളം നിറയുകയും ചെയ്തു. ഈ ജലത്തിന്റെ മർദ്ദം പാറകൾ തമ്മിൽ ഉരസി ചെറിയ ഭൂകമ്പ പരമ്പരകൾക്ക് കാരണമാകുന്നുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
A new study links North Korea's nuclear tests to a significant increase in earthquakes near its Mount Mantap nuclear site. The region, stable for two millennia, has experienced 1,399 quakes since 2008, following six underground tests. Intensity notably surged after the 2017 test, with water in fractured rocks contributing to continued seismic activity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |