SignIn
Kerala Kaumudi Online
Thursday, 18 June 2026 1.01 PM IST

'ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ 200 കോടി മുടക്കി'; ആരോപണങ്ങൾ നിഷേധിച്ച് നടൻ പ്രകാശ് രാജ്

prakash-raj

ബംഗളൂരു: ധർമ്മസ്ഥല വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി നടൻ പ്രകാശ് രാജ്. കേസിലെ പ്രതിയായ ചിന്നയ കർണാടക ഹൈക്കോടതിയിൽ പ്രകാശ് രാജിന്റെ പേര് പരാമർശിച്ച് റിട്ട് ഹർജി സമർപ്പിച്ചതിനുപിന്നാലെയാണ് താരത്തിന്റെ വിശദീകരണം. ചിന്നയ്യ ഫോണിൽ വിളിച്ച് നേരിട്ട് കാണണമെന്ന് പറഞ്ഞെങ്കിലും താൻ തയ്യാറായില്ലെന്നും പറയാനുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്താൻ നിർദേശിച്ചെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രനഗരമായ ധർമ്മസ്ഥലയുടെ പ്രസിദ്ധി ഇല്ലാതാക്കാനായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ്, ഗിരീഷ് മട്ടന്നവർ അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ് ചിന്നയ്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ, എസ്‌ഐടി രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിൽ മാത്രമാണ് ഈ വിഷയത്തിൽ തന്റെ പങ്കാളിത്തം ഉണ്ടായിട്ടുള്ളതെന്ന് പ്രകാശ് രാജ് പറഞ്ഞു. താൻ ഒരിക്കലും ധർമ്മസ്ഥല സന്ദർശിച്ചിട്ടില്ലെന്നും മുൻപ് ഗിരീഷ് മട്ടന്നവറിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ 200 കോടി രൂപ മുടക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'എനിക്ക് പലരിൽ നിന്നായി ഫോൺകോളുകൾ വരാറുണ്ട്. സാമൂഹ്യ പ്രവർത്തകനായ ഗിരീഷ് മട്ടന്നവരാണ് എന്നെ വിളിച്ചശേഷം ഒരാൾക്കെന്നോട് സംസാരിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത്. ഞാൻ സമ്മതം പറഞ്ഞതനുസരിച്ച് ചിന്നയ്യ വിളിച്ചു. ഒട്ടേറെ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും ജീവനുഭീഷണിയുണ്ടെന്നും അയാൾ പറഞ്ഞു. എസ്‌ഐടിയെ സമീപിക്കാൻ പറഞ്ഞപ്പോൾ അതിന് ധൈര്യമില്ലെന്നാണ് അയാൾ പറഞ്ഞത്. നേരിട്ട് കാണുന്നതിന് പകരം ശബ്‌ദസന്ദേശങ്ങൾ അയക്കാൻ ഞാൻ അയാളോട് പറഞ്ഞു. തുടർന്ന് എസ്‌ഐടി തലവൻ പ്രണബ് മൊഹന്തിയെ ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവച്ചു. അന്വേഷണം പുരോഗമിച്ചപ്പോൾ ചിന്നയ്യ പറയുന്നത് കളവാണെന്നും ഇയാളിൽ നിന്ന് അകലം പാലിക്കണമെന്നും എസ്ഐടി നിർദേശിച്ചു. ഞാനത് അനുസരിക്കുകയാണ് ചെയ്‌തത്'- പ്രകാശ് രാജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DHARMASHALA, PRAKASH RAJ, ALLEGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360