
മുംബയ്: വിവാഹം കഴിഞ്ഞ് 48-ാം ദിവസം യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. മുംബയ് താനെ സ്വദേശി വിശാഖ തിൽക്കർ ആണ് (26) മരിച്ചത്. ഭർത്താവായ നിതിൻ തിൽക്കറും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് മാനസിക - ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ചതോടെയാണ് യുവതി ജീവനെടുക്കിയതെന്നാണ് റിപ്പോർട്ട്. സ്ത്രീധനത്തെ ചൊല്ലിയായിരുന്നു ആദ്യം പ്രശ്നങ്ങൾ ആരംഭിച്ചത്. തങ്ങളുടെ അന്തസിന് അനുസരിച്ച സ്ത്രീധനം വധുവിന്റെ വീട്ടിൽ നിന്ന് കിട്ടിയില്ലെന്ന് വിവാഹത്തിന് പിന്നാലെ ഡോക്ടറായ നിതിന്റെ വീട്ടുകാർ പരാതിപ്പെട്ടു. കൂടുതൽ സ്വർണവും പണവും വീട്ടിൽപ്പോയി കൊണ്ടുവരനും അവർ വിശാഖയോട് ആവശ്യപ്പെട്ടു.
കൂടാതെ വീട്ടിന് അകത്തും പുറത്തും സിസിടിവി ക്യാമറ സ്ഥാപിച്ച് വിശാഖയുടെ ഓരോ നീക്കവും നിതിൻ നിരീക്ഷിച്ചിരുന്നു. കിടപ്പുമുറിയിൽവരെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നാണ് വിവരം. ഏപ്രിൽ 30നാണ് വിശാഖയും നിതിനും വിവാഹിതരായത്. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുൻപ് അയൽവാസിയായ സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നതായും യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് യുവതി അമ്മയോട് പറഞ്ഞിരുന്നു. മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ നിതിന്റെ വീട്ടിൽ പോകാനിരിക്കെയാണ് വിശാഖയുടെ മരണം. സംഭവത്തിൽ ശിവാജിനഗർ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിതിനെ അറസ്റ്റ് ചെയ്തതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |