ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളുമായി ബന്ധപ്പെട്ട കേസിൽ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കും കൂട്ടാളികളായ എം. ശാന്തി, മഹേന്ദ്ര സിംഹൻ എന്നിവർക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തി തമിഴ്‌നാട് പൊലീസ്. വീരമണിക്കും കൂട്ടാളികൾക്കുമെതിരെ ഇതുവരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും അവരുടെ കുടുംബങ്ങളും കൂടുതൽ പരാതികളുമായി രംഗത്തെത്തുന്ന സാഹചര്യത്തിലാണ് കേസുകളുടെ എണ്ണം വർദ്ധിച്ചത്.
പരാതികൾ നൽകുന്നതിനായി ചെന്നൈ പൊലീസ് ആരംഭിച്ച വാട്സ്ആപ്പ് ഹെൽപ്‌ലൈൻ വഴി ഇതുവരെ അഞ്ച് പ്രധാന വിവരങ്ങൾ ലഭിച്ചതായും ഇവയിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. വീരമണിയുമായും കൂട്ടാളികളുമായും ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
വീരമണിയെയും ശാന്തിയെയും മഹേന്ദ്ര സിംഹനെയും ഓഗസ്റ്റിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വീരമണി വാടകയ്‌ക്കെടുത്ത വീട്ടിൽ കുറ്റകൃത്യങ്ങൾക്ക് ശാന്തിയും മഹേന്ദ്ര സിംഹനും സഹായം നൽകിയെന്നാണ് പൊലീസിന്റെ ആരോപണം. വീരമണിയുടെ ജെം ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ഗണേശനെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ അടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് കേസ് ശ്രദ്ധയിൽപ്പെട്ടത്. 2025 ഒക്ടോബർ ഏഴിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ സമർപ്പിച്ച കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് പ്രത്യേക പോക്‌സോ കോടതി തള്ളുകയും കൂടുതൽ അന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.
നേരത്തെയുള്ള അന്വേഷണത്തിലെ വീഴ്ചകൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്ന് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. നിരവധി പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയ സംഘം മറ്റ് ആരോപണങ്ങളും ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. കേസിന്റെ ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അന്നത്തെ ചെന്നൈ പൊലീസ് കമ്മിഷണർ അരുൺ, അഡിഷണൽ കമ്മിഷണർ ഡോ. കണ്ണൻ എന്നിവരെ നിർബന്ധിത കാത്തിരിപ്പിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം വീരമണിയുടെ കേസ് തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് വീരമണിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചെന്നും നടപടിയുണ്ടായില്ലെന്നും ടി.വി.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആരോപിച്ചു.
എന്നാൽ ആരോപണം ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ നിഷേധിച്ചു. ആർക്കും സംരക്ഷണം നൽകിയിട്ടില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.എ.ഡി.എം.കെയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചില്ല. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.
Tamil Nadu Police have invoked the Goondas Act against granite businessman R. Veeramani and two associates in connection with alleged sexual abuse of minor girls. Four cases have been registered, while a Special Investigation Team is examining survivor statements, digital evidence and financial transactions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |