
കടുകിന് ക്വിന്റലിന് 413, മസൂർപ്പരിപ്പിന് 390, ഗോതമ്പിന് 25
ന്യൂഡൽഹി: 2027-28 വിപണന സീസണിലെ റാബി വിളകളുടെ കുറഞ്ഞ താങ്ങുവില (എം.എസ്.പി) വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കർഷകർക്ക് ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനൊപ്പം പയർവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം അറിയിച്ചു.
കടുക്, റാപ്പ്സീഡ് എന്നിവയുടെ താങ്ങുവില ക്വിന്റലിന് 413 രൂപ വീതം വർദ്ധിപ്പിച്ചു. മസൂർപ്പരിപ്പിന് 390 രൂപ, ബാർലിക്ക് 136, കടലയ്ക്ക് 83, ഗോതമ്പിന് 25 രൂപ എന്നിങ്ങനെയാണ് വർധന. ചെണ്ടൂരകത്തിനാണ് ഏറ്റവും ഉയർന്ന വർധന; ക്വിന്റലിന് 675 രൂപ.
2018-19ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നയമനുസരിച്ച് കർഷകരുടെ ശരാശരി ഉത്പാദനച്ചെലവ് കുറഞ്ഞത് ഒന്നര മടങ്ങ് വില ഉറപ്പാക്കുന്ന തരത്തിലാണ് താങ്ങുവില നിശ്ചയിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
ഉത്പാദനച്ചെലവിൽ മുകളിൽ ഗോതമ്പിന് 106 ശതമാനവും, കടുകിന് 96 ശതമാനവും, മസൂർപ്പരിപ്പിന് 92 ശതമാനവും, കടലയ്ക്ക് 59 ശതമാനവും, ബാർലിക്ക് 58 ശതമാനവും, ചെണ്ടൂരകത്തിന് 50 ശതമാനവും അധിക വില ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ശൈത്യകാലത്ത് വിതച്ച് വേനൽക്കാലത്തിന്റെ തുടക്കത്തിൽ വിളവെടുക്കുന്ന വിളകളാണ് റാബി വിളകൾ. താങ്ങുവില വർധിപ്പിച്ചതിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനൊപ്പം പയർവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷി വ്യാപിപ്പിക്കാനും സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |