SignIn
Kerala Kaumudi Online
Monday, 03 August 2026 11.31 PM IST

സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കുന്നത്‌ എന്തിനെന്ന് ഹൈക്കോടതി; പിന്നാലെ കോടതി ക്യാന്റീനുകളിൽ മിന്നൽ പരിശോധന

bombay-highcourt
ബോംബെ ഹൈക്കോടതി

മുംബയ്: സ്വകാര്യ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ മാത്രമാണോ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തുന്നതെന്ന ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ (എഫ്‌ഡി‌എ) വേറിട്ട നടപടി. ഹൈക്കോടതി സമുച്ചയത്തിലെ മൂന്ന് ക്യാന്റീനുകളിൽ (എഫ്‌ഡിഎ)പരിശോധന നടത്തി.

മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും മറ്റ് രണ്ട് ക്യാന്റീനുകൾക്ക് പോരായ്‌മകൾ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്‌തു. പരിശോധനയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി മേലധികാരികൾക്ക് കൈമാറുമെന്ന് എഫ്‌ഡിഎ ഉദ്യോഗസ്ഥർ അറിയിച്ചു.

സർക്കാർ, അർദ്ധസർക്കാ‌ർ സ്ഥാപനങ്ങളിലെ ക്യാന്റീനുകളിലും പരിശോധന നടക്കുന്നുണ്ടോയെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി സമുച്ചയത്തിലും പരിശോധന നടത്തിയത്. ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘുഗെയും ജസ്റ്റിസ് ഗൗതം അംഖാദും ഉൾപ്പെട്ട ബെഞ്ചാണ് സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രം പരിശോധന നടത്തിയാൽ മതിയാകില്ലെന്നും സർക്കാർ സ്ഥാപനങ്ങളിലെ ക്യാന്റീനുകളിലും ഒരേ രീതിയിൽ പരിശോധന വേണമെന്നും നിരീക്ഷിച്ചത്.

സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ തുകാരാം മുണ്ടെ എഫ്‌ഡിഎ കമ്മീഷണറായി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപകമാക്കിയിരുന്നു.

വ്യാഴാഴ്‌ച നടത്തിയ പരിശോധനയിൽ ബോംബെ ബാർ അസോസിയേഷന്റെ ക്യാന്റീൻ പരിശോധനയ്‌ക്ക് മുൻപുതന്നെ സ്വമേധയാ അടച്ചതായി കണ്ടെത്തി. തുടർന്ന് ലൈസൻസില്ലാതെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി എഫ്‌ഡിഎ 'സ്റ്റോപ് ബിസിനസ്' നോട്ടീസ് നൽകി. നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം രൂപവരെ പിഴയും തുടർന്നും ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ നിയമനടപടിയും നേരിടേണ്ടിവരുമെന്ന് നോട്ടീസിൽ വ്യക്തമാക്കി.

അതേസമയം, കരാറുകാരൻ അന്നുതന്നെ ആവശ്യമായ ലൈസൻസ് നേടിയെന്നും ഉടൻ ക്യാന്റീൻ വീണ്ടും തുറക്കുമെന്നും ബോംബെ ബാർ അസോസിയേഷൻ പ്രസിഡന്റ് നിതിൻ താക്കർ അറിയിച്ചു.

English Summary

The Maharashtra FDA inspected three canteens inside the Bombay High Court after the court questioned whether government-run eateries were also being checked. One canteen was ordered to stop operations for allegedly lacking a valid FSSAI licence, while two others received improvement notices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOODSAFETY, INSPECTION, BOMBAY HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360