SignIn
Kerala Kaumudi Online
Friday, 29 May 2026 9.39 PM IST

രാഹുൽ ഗാന്ധിയുടെ ഇടപെടൽ; കർണാടകയിൽ 'കേരള മോഡൽ' നടപ്പാക്കിയേക്കും, മന്ത്രിസഭയിൽ പുതുമുഖങ്ങൾ

dk-shivakumar

ബംഗളൂരു: നാടകീയ നീക്കങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാർ എത്തുകയാണ്. മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം സിദ്ദരാമയ്യ കസേര ഒഴിഞ്ഞതോടെയാണ് ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന് നറുക്ക് വീണത്. പുതിയ മുഖ്യമന്ത്രി സംസ്ഥാനത്ത് അധികാരമേൽക്കുന്നതിനോടൊപ്പം മന്ത്രിസഭയിലും കാര്യമായ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ അധികാരമേറ്റ വിഡി സതീശൻ സർക്കാരിന് സമാനമായി യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കാനാണ് കോൺഗ്രസ് നീക്കം.

യുവതലമുറയും പരിചയസമ്പന്നരുമായ നേതാക്കളും ചേർന്നുള്ളതായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സർക്കാരിൽ നിലവിലെ കർണാടക മന്ത്രിസഭയിലെ നിരവധി മുതിർന്ന മന്ത്രിമാർക്ക് ഇടം ലഭച്ചേക്കില്ല. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എച്ച്.സി മഹാദേവപ്പ, ഊർജമന്ത്രി കെ.ജെ ജോർജ്, ആഭ്യന്തരവകുപ്പ് മന്ത്രി ജി. പരമേശ്വര എന്നിവർ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും.

സിദ്ദരാമയ്യയുമായി അടുത്തുനിൽക്കുന്ന ഭാരതി സുരേഷ്, സന്തോഷ് ലാദ്, ദിനേഷ് ഗുണ്ടു റാവു, ബി.ഇസഡ് സമീർ അഹമ്മദാ ഖാൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. യുവാക്കളെ സർക്കാരിന്റെ ഭാഗമാക്കണമെന്ന തീരുമാനത്തിന് പിന്നിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, പുതിയ കർണാടക മന്ത്രിസഭയെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ അനുഭവസമ്പത്ത് പ്രധാനഘടകമാണെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, യുവനേതാക്കളെയും മുതിർന്ന നേതാക്കളെയും സന്തുലിതമാക്കിയുള്ള ഒരു മന്ത്രിസഭയായിരിക്കും ഉണ്ടാകുക. സിദ്ധരാമയ്യ സർക്കാരിലെ പതിനഞ്ചോളം മന്ത്രിമാരെയും അഞ്ച് യുവ മുഖങ്ങളെയും നിലനിർത്തിയേക്കാം. ബാക്കിയുള്ള സ്ഥാനങ്ങൾ പുതിയ മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്ന പുതുമുഖങ്ങൾക്ക് നൽകിയേക്കാനാണ് സാദ്ധ്യത. മുഖ്യമന്ത്രിയടക്കം 34 അംഗങ്ങളാണ് കർണാടക മന്ത്രിസഭയിലുള്ളത്. 50 വയസിന് താഴെയുള്ള കൂടുതൽ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി നേരത്തെ സിദ്ധരാമയ്യയോട് ഉപദേശിച്ചിരുന്നതായും ഇത്തവണയും സമാനമായ സമീപനം സ്വീകരിച്ചേക്കാമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, KERALA, KARNATAKA, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360