ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ പതാകയേന്തി ദേശീയഗാനം ആലപിക്കാൻ 11പേർ അടങ്ങുന്ന സംഘത്തിന് അനുയോജ്യമായ സ്ഥലത്ത് സൗകര്യം ഏർപ്പെടുത്തുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം പ്രതിഷേധത്തിൽ പൊതുജനങ്ങൾ പങ്കെടുക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.
പ്രതിഷേധം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് പൊലീസിന്റെ നീക്കം. പ്രതിഷേധം നിയമം അനുശാസിക്കുന്ന രീതിയിൽ നിയന്ത്രിക്കുമെന്ന് പൊലീസ് കോടതിയിൽ ഉറപ്പ്നൽകിയിരുന്നു. കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 163ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് ഇന്ന് വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പൊലീസ് വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ നാളെ വൈകിട്ട് അഞ്ചിന് ദേശീയ പതാകയുമായി സെൻട്രൽ പാർക്കിലെത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. 'നൂറിടങ്ങളിൽ പ്രതിഷേധം പ്രഖ്യാപിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ നൂറിടങ്ങളും അടച്ചുപൂട്ടുമോ?' പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ദിപ്കെ എക്സിൽ കുറിച്ചു.
ആം ആദ്മി പാർട്ടിയും (എ.എ.പി) പ്രതിഷേധത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടതായി പൊലീസ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് നാളെയും മറ്റനാളും സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. ഭരണപരമായ കാരണങ്ങളാലാണ് പാർക്ക് അടയ്ക്കുന്നതെന്നാണ് വിശദീകരണം.
'നാളെയും മറ്റന്നാളും പാർക്ക് അടച്ചിടുമെന്ന് എൻ.ഡി.എം.സി ഡൽഹി പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്തിന് സമീപം ഒരു തരത്തിലുള്ള ഒത്തുചേരലും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,'- ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നേഹ യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊണാട്ട് പ്ലേസിലെയും സമീപത്തെ കടകളിലെ വ്യാപാരി സംഘടനകളും പ്രതിഷേധത്തിനെതിരെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അനധികൃതമായ ഒത്തുചേരലുകളും സംഘർഷസാധ്യതയുള്ള പ്രവർത്തനങ്ങളും വ്യാപാരത്തെ ബാധിക്കുമെന്നും വ്യാപാരികൾക്ക് സംരക്ഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടതായാണ് പൊലീസ് അറിയിച്ചത്. ദേശീയ പതാക പ്രദർശിപ്പിക്കുന്നതും കൈവശം വഹിക്കുന്നതും ദേശീയഗാനം ആലപിക്കുന്നതും നിശ്ചിത ചട്ടങ്ങൾ പാലിച്ചും പതാകയുടെ അന്തസും മര്യാദയും കാത്തുസൂക്ഷിച്ചുമായിരിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.
Delhi Police have tightened restrictions in Connaught Place ahead of a CJP protest alleging election irregularities. Section 163 of BNSS was imposed, warning strict action against violations. While the High Court declined to ban the protest, police will facilitate a small national anthem ceremony. Central Park will be closed by NDMC, and the public are urged not to participate in the larger gathering.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |