
സംഭവം പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച്
ബംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. മുൻ സൈനികനായ രുദ്രപ്പ ( 67) മകൾ ശശികല ( 26) എന്നിവരാണ് കൊല്ലപ്പെട്ടത്.
കർണാടകത്തിലെ ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു സംഭവം.
രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. പ്രതികളായ ബസപ്പ കുന്ദരഗി, സഹോദരൻ സംഗപ്പ കുന്ദരഗി മകൻ മഡിവാളപ്പ കുന്ദരഗി എന്നിവരെ കിട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാനാണ് രുദ്രപ്പയും മകളും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഈ വിവരമറിഞ്ഞെത്തിയ രുദ്രപ്പയും സഹോദരന്മാർ ഇയാളെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ ശശികലയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇവരുടെ ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
രുദ്രപ്പയും പ്രതികളും തമ്മിൽ സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. തർക്കം കോടതി കയറിയപ്പോൾ സ്വത്ത് തുല്യമായി ഭാഗിക്കാനായിരുന്നു ഉത്തരവ്. എന്നാൽ തന്റെ ഭാഗം നേരത്തെ വിറ്റിരുന്ന രുദ്രപ്പ അവശേഷിച്ച സ്വത്ത് മൂന്നായി ഭാഗിക്കണമെന്ന് നിലപാട് എടുത്തതോടെ കുപിതരായാണ് സഹോദരന്മാർ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |