
ന്യൂഡൽഹി: അയോദ്ധ്യ സംഭാവനക്കൊള്ള കേസിൽ എസ്.ഐ.ടി അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. ചമ്പത് റായ്‌യെക്കുറിച്ച് പരാമർശമില്ല. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ചുമതലയുള്ള മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയ്ക്കെതിരെയാണ് റിപ്പോർട്ട്.
ഉത്തരവാദിത്വത്തിൽ അനിൽ മിശ്ര വീഴ്ച വരുത്തിയെന്നും ഇത് കൊള്ളയ്‌ക്ക് വളമായെന്നും പറയുന്നു. അറസ്റ്റിലായ പ്രതികൾ 70ലധികം തവണ മോഷണം നടത്തുന്നതിന്റെ തെളിവുകൾ ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള സി.സി ടിവി ദൃശ്യങ്ങൾ വീണ്ടെടുത്തു.
എണ്ണിയെണ്ണി മറുപടി
പറയും: ചമ്പത്
എല്ലാ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുമെന്ന് ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. എസ്.ഐ.ടി അന്തിമ റിപ്പോർട്ട് വന്നശേഷം പ്രതികരിക്കാമെന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിൽ പറയുന്നു. വിവാദമുയർന്നതിനുശേഷം ആദ്യമായാണ് പ്രതികരണം. സത്യം പുറത്തുവരും. പലരും വ്യക്തിപരമായി ലക്ഷ്യമിട്ടു. അന്വേഷണം നടക്കുന്നതിനാലാണ് നിശബ്‌ദത പാലിക്കുന്നത്. ആർ.എസ്.എസ് നിർദ്ദേശപ്രകാരം 1991 ഒക്ടോബർ മുതൽ അയോദ്ധ്യയിൽ സേവനം അനുഷ്‌ഠിക്കുകയാണ്. തന്റെ ജീവിതം തുറന്ന പുസ്‌തകമാണെന്നും വ്യക്തമാക്കി.
കാമുകിക്ക് ഐഫോണും
രണ്ടര ലക്ഷവും
പ്രതി അവിനാശ് ശുക്ല കാമുകിക്ക് ഐഫോൺ വാങ്ങികൊടുത്തത് കൊള്ളപ്പണമെടുത്ത്. രണ്ടരലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലും നൽകി. ഒരു സഹോദരന്റെ വിവാഹത്തിന് 6 ലക്ഷവും, മറ്രൊരു സഹോദരന് 5 ലക്ഷവും നൽകി. അടുപ്പക്കാർക്കുവേണ്ടി 19 ലക്ഷത്തിലധികം ചെലവഴിച്ചു. മാരുതി ബ്രെസ കാർ വാങ്ങി. ചെറിയ തുകകൾ പലർക്കുമായി നൽകി. നേരത്തെ 20 ലക്ഷത്തിൽപ്പരം രൂപ അവിനാശിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. സഹോദരന് ബന്ധമുള്ള യോഗാ സെന്ററിൽ നിന്ന് രാമക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയും പണവും കണ്ടെത്തിയിരുന്നു. അതേസമയം പ്രതികളായ ലവ്കുശ് മിശ്ര,അനുകൽപ് മിശ്ര,കരുണേഷ് പാണ്ഡെ എന്നിവരെ ഇന്നലെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിപക്ഷ പാർട്ടികൾ വഖഫ് സ്വത്തുക്കളെ കുറിച്ച് മിണ്ടാത്തത് എന്തെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദിച്ചു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയാണെന്നും കുറ്റപ്പെടുത്തി.
ലഭിച്ചത് 3264 കോടി
(കണക്ക് പുറത്തുവിട്ട് ട്രസ്റ്റ്)
ട്രസ്റ്ര് രൂപീകരിച്ച 2020 മുതൽ ഇതുവരെ സംഭാവനയായി ലഭിച്ചത് 3264 കോടി
ക്ഷേത്ര നിർമ്മാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും ചെലവിട്ടത് 2370 കോടി
ക്ഷേത്രനടത്തിപ്പിന് ഇതുവരെ 391 കോടി ചെലവാക്കി. ബാക്കി തുക ബാങ്കിലുണ്ട്.
ഭക്തർ കൈമാറിയത് 2916 സമ്മാനങ്ങൾ
വെള്ളി ഉരുപ്പടികൾ ഉരുക്കി വെള്ളിപാളികളാക്കി മാറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |