ചെന്നൈ: സർക്കാർ മദ്യഷാപ്പുകളിൽ വിലയേക്കാൾ പത്ത് രൂപ കൂടുതൽ വാങ്ങി ജനങ്ങളെ പറ്റിക്കുന്നത് തടയാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ. വർഷങ്ങളായി നടക്കുന്ന നിയമവിരുദ്ധ പണപ്പിരിവ് അവസാനിപ്പിക്കാനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. ടാസ്മാക് ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനം വർദ്ധനവാണ് ടിവികെ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന് പുറമെ ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉറപ്പാക്കും.
അധികപ്പണം ഈടാക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അത്തരം ജീവനക്കാരെ ഉടനടി സസ്‌പെൻഡ് ചെയ്യുമെന്നും എക്‌സൈസ് മന്ത്രി വിഘ്‌നേഷ് വ്യക്തമാക്കി. കൂടാതെ, ബാറുകളിൽ 21 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകിയാൽ ബാർ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഡി.എം.കെ ഭരണകാലത്ത് മദ്യക്കുപ്പികളിൽ നിന്ന് അധികമായി പിരിച്ചെടുത്തിരുന്ന പത്ത് രൂപ പാർട്ടി ഫണ്ടിലേക്കാണ് പോയിരുന്നതെന്ന് നിലവിലെ ഭരണകക്ഷിയായ ടിവികെ ആരോപിച്ചു. എന്നാൽ ഡി.എം.കെ ഈ ആരോപണം പൂർണമായും നിഷേധിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കിക്കൊണ്ട് മന്ത്രി വിഘ്‌നേഷ് മുൻപ് ചില കണക്കുകൾ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ദിവസവും ഒരു കോടിയോളം കുപ്പി മദ്യമാണ് വിൽക്കുന്നത്. ഒരു കുപ്പി മദ്യത്തിന് പത്ത് രൂപയോളം അധികം വാങ്ങിയാൽ ഒരു ദിവസം പത്ത് കോടി രൂപയും, ഒരു മാസം 300 കോടി രൂപയും കിട്ടും. അങ്ങനെ നോക്കിയാൽ ഒരു വർഷം ഏതാണ്ട് 3,600 കോടി രൂപയാണ് ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്നത്. ജീവനക്കാർക്ക് ചെറിയ ശമ്പളം കൊടുത്ത്, അവരെക്കൊണ്ട് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിപ്പിക്കുകയായിരുന്നു മുൻ സർക്കാർ ചെയ്തത്. വർഷങ്ങളായി ഈ ചൂഷണം നടന്നിട്ടും എന്തുകൊണ്ടാണ് കഴിഞ്ഞ ഡി.എം.കെ സർക്കാർ ഇത് തടയാൻ ശ്രമിക്കാതിരുന്നതെന്ന് മന്ത്രി ചോദിച്ചു.
എന്നാൽ, ഡി.എം.കെ ഭരണകാലത്ത് എക്‌സൈസ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജി, അധികപ്പണം ഈടാക്കുന്നതിനെതിരെ പരാതികൾ ലഭിച്ചപ്പോഴെല്ലാം കർശന നടപടിയെടുത്തിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാരെ ശിക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തി. ടി.വി.കെ സർക്കാരിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. മുൻ സർക്കാരിന്റെ കാലത്ത് ടെൻഡറുകളുടെ തുക 40 ശതമാനം വരെ വർദ്ധിപ്പിച്ച് പാർട്ടി ഫണ്ടിലേക്ക് പണം വകമാറ്റിയെന്നും, പുതിയ സർക്കാർ ഇത് തടഞ്ഞതിലൂടെ ഖജനാവിന് ലാഭമുണ്ടായെന്നും സർക്കാർ അവകാശപ്പെടുന്നു.
ഡിഎംകെയുടെ അഴിമതി ആരോപണം നിയമസഭയിലും വലിയ കോലാഹലങ്ങൾക്ക് കാരണമായി. പാർട്ടി ഫണ്ടിന്റെ പേരിൽ വലിയ അഴിമതിയാണ് നടന്നതെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആരോപിച്ചതോടെ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും ആരോപണങ്ങൾ തെളിവോടെ സമർപ്പിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |