
പൂനെ: മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്. മുഖ്യപ്രതി സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും രഹസ്യവിവാഹം ചെയ്തിരുന്നു എന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനുപിന്നാലെയായിരുന്നു വിവാഹം. സിയ -കേതൻ നിശ്ചയം ഫെബ്രുവരിയിലായിരുന്നു. നവംബറിൽ വിവാഹം നടത്താനാണ് വീട്ടുകാർ തീരുമാനിച്ചത്.
ഫെബ്രുവരിയിൽ തന്നെ രജിസ്ട്രാർ ഓഫീസിൽ വച്ച് സിയയും കാമുകൻ ചേതനും വിവാഹിതരായെന്നാണ് വിവരം.
കഴിഞ്ഞ ഏഴ് മാസത്തെ പ്രതികളുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ, കോൾ റെക്കാഡുകൾ, ലൊക്കേഷൻ ഡാറ്റ, ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി എന്നിവയുൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നതടക്കമുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചു. വിവാഹം ആരെയും അറിയിക്കാതിരിക്കാൻ ശ്രമിച്ചോ, നിർബന്ധിത പൊതു നോട്ടീസ് ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. ചേതന്റെ ബാങ്ക് രേഖകളും പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടെന്ന് പറയപ്പെടുന്ന സിയയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. നിലവിൽ സിയയും ചേതനും നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
ഉദയ്പുരിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി ചേതന്റെ വീട്ടുകാർ സിയയുടെ രേഖകൾ ആവശ്യപ്പെട്ടതോടെയാണ് ഇവർ കൊലപാതക പദ്ധതി വേഗത്തിലാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ജൂൺ 18നാണ് ലോഹഗഡ് കോട്ടയിൽ വച്ച് കേതനെ ഇരുവരും തള്ളിയിട്ട് കൊലപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |