SignIn
Kerala Kaumudi Online
Monday, 02 November 2026 4.48 PM IST

നിറവും ഉയരവും ജാതിയും നോക്കി സ്ത്രീകളെ തിരഞ്ഞെടുക്കാം,​ പ്രതിഫലം 50,000 രൂപ വരെ; വൻ റാക്കറ്റ് പിടിയിൽ

egg-donation-racket
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ജാതി,​ മതം, ചർമ്മത്തിന്റെ നിറം, ഉയരം,​ വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ അണ്ഡദാതാക്കളെ തിരഞ്ഞെടുത്തിരുന്ന വൻ റാക്കറ്റ് പൊലീസിന്റെ പിടിയിൽ. ഏഴ് സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ച് വാണിജ്യാടിസ്ഥാനത്തിൽ അണ്ഡദാനത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച നഗരത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് മൽകാജ്ഗിരി പൊലീസിന് ഈ റാക്കറ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുടെ ശൃംഖല രൂപീകരിച്ചായിരുന്നു പ്രതികൾ പ്രവർത്തിച്ചിരുന്നത്. അണ്ഡദാതാക്കളെ തേടിയെത്തുന്ന ദമ്പതികൾ തങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും ഏജന്റുമാരെ അറിയിക്കും. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെ ഈ വിവരങ്ങൾ രാജ്യത്തുടനീളമുള്ള ഏജന്റുമാർക്ക് കൈമാറി അനുയോജ്യരായ സ്ത്രീകളെ കണ്ടെത്തുകയാണ് ചെയ്തിരുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബെഗംപേട്ട് ഇൻസ്പെക്ടർ പി. സൈദുലു വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയായ അമിത് ശർമയും കൂട്ടാളികളും പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഡൽഹി, അസം, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്തതിരുന്നതെന്നാണ് വിവരം.

വനിതാ ഹോസ്റ്റലുകൾ നടത്തുന്നതിന്റെ മറവിലായിരുന്നു പ്രതികൾ പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ സംശയിക്കുന്നത്. എന്നാൽ ഈ താമസസൗകര്യങ്ങൾ യഥാർത്ഥത്തിൽ അണ്ഡദാതാക്കളായ സ്ത്രീകളെ താമസിപ്പിക്കാനും പിന്നീട് ഐവിഎഫ് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരം.

അണ്ഡദാനത്തിന് പ്രതിഫലം വാങ്ങുന്നത് ദമ്പതികളുടെ ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ചായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചില സ്ത്രീകൾക്ക് 20,000 മുതൽ 30,000 രൂപ വരെയും പ്രത്യേക മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്ക് 50,000 രൂപ വരെയും നൽകാമെന്ന് വാഗ്ദാനംചെയ്തതായാണ് വിവരം. ചർമ്മത്തിന്റെ നിറം, ജാതി, ഉയരം തുടങ്ങിയവയെക്കുറിച്ചുള്ള മുൻഗണനകൾ ദമ്പതികൾ അറിയിക്കാറുണ്ടായിരുന്നുവെന്നും പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ചർമ്മത്തിന്റെ നിറവും പ്രദേശിക പശ്ചാത്തലവുമാണ് കൂടുതലായി ആവശ്യപ്പെട്ടിരുന്നതെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആവശ്യങ്ങൾ കൂടുതൽ കൃത്യമാകുന്നതിനനുസരിച്ച് ഈടാക്കുന്ന തുകയും വർദ്ധിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐവിഎഫ് കേന്ദ്രങ്ങളുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. സ്ത്രീകളുടെ സാമ്പത്തിക സാഹചര്യം മുതലെടുത്ത് അവരെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും ഐവിഎഫ് കേന്ദ്രങ്ങളുമായി പ്രതികൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

English Summary

Hyderabad police busted a large inter-state racket involved in commercial egg donation. They recruited financially struggling women from seven states, selecting them based on specific criteria like caste, skin color, and height. The accused, led by Amit Sharma, used women's hostels as a front, offering varying payments. Police are investigating potential IVF center links.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYDERABAD EGG DONATION RACKET, EGG DONORS, CASTE AND COMPLEXION CRITERIA, RS 50000 OFFER, IVF RACKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360