SignIn
Kerala Kaumudi Online
Monday, 02 November 2026 4.13 AM IST

ഗ്യാനേഷിന്റെ രാജിക്ക് കൈകോർത്ത് പ്രതിപക്ഷം: സമരസാഗരമായി രാംലീല

congress

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് 'ഇന്ത്യ" സഖ്യം നടത്തിയ 'ചലോ ഡൽഹി" മഹാറാലി രാജ്യതലസ്ഥാനത്തെ സമര സാഗരമാക്കി. ലക്ഷങ്ങൾ പങ്കെടുത്ത റാലിയിൽ ഗ്യാനേഷിനെതിരെ പ്രതിഷേധം അലയടിച്ചു. ഡൽഹി കൊണാട്ട് പ്ലേസിലെ മിന്റോ റോഡ് ജംഗ്ഷനിൽ നിന്ന് രാംലീലാ മൈതാനത്തേക്കായിരുന്നു റാലി. കേരളത്തിൽ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തിയപ്പോൾ ഡൽഹി സാക്ഷ്യം വഹിച്ചത് അടുത്തകാലത്തുകണ്ട ഏറ്റവും ശക്തമായ രാഷ്‌ട്രീയ പ്രതിഷേധത്തിന്.

21 പാർട്ടികൾ റാലിയിൽ അണിനിരന്നപ്പോൾ അത് ഇന്ത്യാ സഖ്യത്തിന്റെ ഐക്യസന്ദേശം കൂടിയായി. ഉച്ചയ്ക്ക് 12ന് നിശ്ചയിച്ചിരുന്ന റാലി മുക്കാൽ മണിക്കൂർ വൈകിയാണ് തുടങ്ങിയത്. അപ്പോഴേക്കും രാംലീല മൈതാനം പ്രവർത്തരെക്കൊണ്ട് നിറഞ്ഞിരുന്നു. മിന്റോ റോഡ് മുതൽ രാംലീല വരെയുള്ള ഒരു കിലോമീറ്റർ റോഡിലും പ്രവർത്തകർ തിങ്ങിനിറഞ്ഞു.

12.45ന് മിന്റോ റോഡിൽ നിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുറന്ന വാഹനങ്ങളിൽ നേതാക്കൾ രാംലീല മൈതാനത്തേക്ക് നീങ്ങി. നൂറുക്കണക്കിന് പ്രവർത്തകർ അകമ്പടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെ പ്രവർത്തകർ മുദ്യാവാക്യം മുഴക്കി. കൊട്ടും പാട്ടും മേളവുമൊക്കെയായി പ്രവർത്തകർ ആവേശപ്പെരുമഴ തീർത്തു. മൂന്നു മണിയോടെ നേതാക്കൾ രാംലീല മൈതാനത്തെത്തി. തുടർന്ന് രാഹുലടക്കം പ്രവർത്തകരെ അഭിസംബോധന ചെയ്തു. അതിരാവിലെ മുതൽ ‌ഡൽഹിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ജെ.പി പങ്കെടുത്തില്ല.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, തേജസ്വി യാദവ്, സുപ്രിയ സുലേ, ഫാറൂഖ് അബ്ദുള്ള, സഞ്ജയ് റാവത്ത്, എം.എ.ബേബി, ഡി.രാജ, മെഹബൂബ മുഫ്തി, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, കോൺഗ്രസ് മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, സുഖ്‌വീന്ദർ സിംഗ് സുഖു, രേവന്ത് റെഡ്ഡി തുടങ്ങിയവരടക്കം പങ്കെടുത്തു. വൈകിട്ട് നാലരയ്‌ക്ക് സമാപിച്ചു. അഞ്ചു മണിവരെയായിരുന്നു പൊലീസ് റാലിക്ക് സമയം അനുവദിച്ചിരുന്നത്. അർദ്ധ സൈനിക വിഭാഗങ്ങളെയടക്കം വിന്യസിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിലെങ്ങും ഏർപ്പെടുത്തിയിരുന്നത്. സമാധാനപരമായിരുന്നു റാലി.

 ജനത്തിന്റെ സന്ദേശം: രാഹുൽ

പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും വോട്ടുക്കൊള്ളയ്‌ക്കെതിരായ ജനങ്ങളുടെ പ്രതിഷേധ സന്ദേശം നൽകാൻ രാംലീല റാലിക്ക് കഴിഞ്ഞെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ഭാഷയിൽ ജനങ്ങൾ സന്ദേശം നൽകി. ഗ്യാനേഷ് കുമാറിന് ഇനി ഉറക്കില്ലാത്ത രാത്രികളായിരിക്കും. മോദിക്കും അമിത് ഷായ്‌ക്കും ഉറങ്ങാനാകില്ല. ആരും ജനാധിപത്യത്തെക്കാൾ വലുതല്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA BLOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360