ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ബാക്കിനിൽക്കെ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വൻ തിരിച്ചടി. പാർട്ടിയിലെ പ്രമുഖരായ മൂന്ന് വിമത എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഹർമീത് സിംഗ് പത്താൻമജ്ര, ചേതൻ സിംഗ് ജോറമജ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ കുൻവർ വിജയ് പ്രതാപ് സിംഗ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. ഇവിടെയെത്തിയ നേതാക്കൾ 'ബിജെപി സിന്ദാബാദ്' മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെയാണ് ഹർമീത് സിംഗ് പത്താൻമജ്രയും ചേതൻ സിംഗ് ജോറമജ്രയും എഎപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചത്. അമൃത്സർ നോർത്ത് മണ്ഡലത്തിലെ എംഎൽഎയായ കുൻവർ വിജയ് പ്രതാപ് സിംഗ് ഇന്ന് പഞ്ചാബ് നിയമസഭാ അംഗത്വം രാജിവച്ചതിന് ശേഷമാണ് ബിജെപിയിൽ ചേർന്നത്.
എഎപി നേതാവും മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനിന്റെ സർക്കാർ മയക്കുമരുന്ന് മാഫിയ, വർദ്ധിച്ചുവരുന്ന കടബാദ്ധ്യത, ഭരണപരമായ വീഴ്ചകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പൂർണ പരാജയമാണെന്ന് ആരോപിച്ചാണ് ഇവർ പാർട്ടി വിട്ടത്. മുൻ മന്ത്രികൂടിയായ ചേതൻ സിംഗ് ജോറമജ്ര മയക്കുമരുന്ന് പ്രശ്നത്തിലും കർഷകർക്ക് സഹായം നൽകുമെന്ന വാഗ്ദാനം പാലിക്കാത്തതിലും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഡൽഹിയിലെ എഎപി നേതാക്കളാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സംസ്ഥാനത്തെ മന്ത്രിമാർക്ക് ഒരു ഫയലിൽ പോലും സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നും പത്താൻമജ്ര ആരോപിച്ചു. നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം, മൂവരും രാജിവച്ചതിന് പിന്നാലെ ഇവരുടെ നിയമസഭാ അംഗത്വം റദ്ദാക്കാനായി സ്‌പീക്കറെ സമീപിക്കുമെന്ന് എഎപി നേതൃത്വം വ്യക്തമാക്കി.
മറ്റുപാർട്ടികളിൽ നിന്ന് പുറത്താക്കപ്പെട്ടവരെയും രാജിവയ്ക്കുന്നവരെയും കൂട്ടത്തോടെ സ്വീകരിക്കുന്ന ബിജെപി ഒരു ആക്രിക്കട പോലെയാണെന്ന് എഎപി നേതാവ് കുൽദീപ് സിംഗ് ധലിവാൽ പരിഹസിച്ചു. എന്നാൽ പഞ്ചാബിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയായ ബിജെപിക്കൊപ്പം നിൽക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് വിമത നേതാക്കൾ പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഎപി ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിൽ പത്താൻമജ്രയും ജോറമജ്രയും ഉൾപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾ അരങ്ങേറിയതെന്നാണ് ശ്രദ്ധേയം.
The Aam Aadmi Party (AAP) suffered a major setback in Punjab ahead of the Assembly elections, with three prominent rebel MLAs joining the BJP. Harmeet Singh Pathanmajra, Chetan Singh Jauramajra and former IPS officer Kunwar Vijay Pratap Singh joined the BJP at its headquarters in New Delhi. Kunwar Vijay Pratap resigned from the Punjab Assembly before switching parties.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |