SignIn
Kerala Kaumudi Online
Friday, 14 August 2026 8.57 PM IST

മെലോണിയെ പരാമർശിച്ച് രാഹുലിന്റെ പരിഹാസം; പിന്നാലെ കേന്ദ്രത്തിന്റെ മറുപടി

READ ENGLISH VERSION

rahul-gandhi-meloni-jib
രാഹുൽ ഗാന്ധി,​ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ന്യൂഡൽഹി: ഇറ്റലിയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ 'പരസ്പര ബഹുമാനവും ധാരണയും' പ്രധാനമാണെന്ന് കേന്ദ്രസർക്കാർ. ഇരു രാജ്യങ്ങളും തമ്മിൽ ആഴമേറിയ ബന്ധമാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കോൺഗ്രസ് നേതാക്കൾ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വിമർശിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

വിദേശനയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ലോകനേതാക്കളെ കാണുമ്പോൾ പ്രധാനമന്ത്രി മോദി ആലിംഗനം ചെയ്യുന്നതിനെ പരാമർശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. കോൺഗ്രസ് എംപി ഉപയോഗിച്ച ഭാഷ മാന്യതയില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവിന്റെ പദവിയുടെ മഹത്വം അദ്ദേഹം താഴ്ത്തിയെന്നും ബിജെപി ആരോപിച്ചു.

'ഇറ്റലിയുമായി ആഴമേറിയ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഞങ്ങൾ പ്രതിജ്ഞാബദ്ധരാകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധവും നിലനിർത്തുമ്പോൾ പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും ചട്ടക്കൂടിൽ അത് തുടരേണ്ടത് പ്രധാനമാണ്,' -വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, ഡൽഹിയിൽ ഇന്നലെ നടന്ന കോൺഗ്രസ് പാർട്ടി പരിപാടിക്കിടെ പാർട്ടി നേതാവ് സന്ദീപ് ദീക്ഷിതിനെ രാഹുൽ ഗാന്ധി 'മോക്ക് ഹഗ്' ചെയ്ത് അഭിവാദ്യം ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരിച്ച ആദ്യ ബിജെപി നേതാക്കളിലൊരാളായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷി, രാഹുൽ ഗാന്ധി എപ്പോഴാണ് പക്വത കൈവരിക്കുകയെന്ന് ചോദിച്ചിരുന്നു.

'രാഹുൽ നിങ്ങളെപ്പോഴാണ് പക്വത കൈവരിക്കുക? ഇന്ത്യ ഭരിക്കാൻ പക്വതയുള്ള നേതൃത്വമാണ് ആവശ്യം, അമച്വർ നാടകങ്ങളല്ല. ജനാധിപത്യത്തിലൂടെതിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കോമാളികളെന്ന് വിളിക്കുന്നത് നിങ്ങൾക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് തെളിയിക്കുന്നതാണ്,' ജോഷി പറഞ്ഞു.

'ജനങ്ങൾ തിരഞ്ഞെടുക്കുന്ന നേതാവാണ് പ്രധാനമന്ത്രി. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പോലെ കുടുംബപാരമ്പര്യത്തിന്റെയോ വംശീയ രാഷ്ട്രീയത്തിന്റെയോ പിൻബലത്തിൽ അദ്ദേഹം അധികാരത്തിലെത്തിയതല്ല. പദവിയിലേക്ക് ഉയരാൻ കുടുംബപാരമ്പര്യത്തിന്റെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി ഉപയോഗിക്കുന്ന വാക്കുകളും അദ്ദേഹം തരംതാഴുന്ന രീതിയും കടുത്ത മണ്ടത്തരവും നിരാശയുമാണ് പ്രകടമാക്കുന്നത്. ഈ നിരാശയാണ് അദ്ദേഹത്തെ അധിക്ഷേപകരമായ വാക്കുകൾഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും. പ്രധാനമന്ത്രിയെ അപമാനിക്കുന്നതിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനങ്ങളെയാണ് അപമാനിച്ചത്.'-കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രാഹുൽ ഗാന്ധിക്കെതിരെ കൂടുതൽ രൂക്ഷമായ വിമർശനവുമായാണ് രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്ക് 'മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് ആരോപിച്ച അദ്ദേഹം, സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

'രാഹുൽ ഗാന്ധി മാനസികമായി ബുദ്ധിമുട്ടുകയാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. സോണിയ ഗാന്ധി ഇടപെട്ട് ആവശ്യമായ സഹായംഅദ്ദേഹത്തിന് ഉറപ്പാക്കിയില്ലെങ്കിൽ സ്ഥിതി ഗുരുതരമായേക്കാം,'' ഗിരിരാജ് സിംഗ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ പദവിക്ക് യോജിച്ച മാന്യതയ്ക്ക് വിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ ഭാഷയെന്നുംബിജെപി എംപി ബൻസുരി സ്വരാജുംആരോപിച്ചു.

English Summary

The Centre has emphasized the importance of “mutual respect and understanding” in India’s bilateral ties with Italy, following criticism of Italian Prime Minister Giorgia Meloni by Congress leaders, including Rahul Gandhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MELONI JIBE, RAHULGANDHI, LATESTNEWS, CENTRAL GOVT, ITALY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360