SignIn
Kerala Kaumudi Online
Sunday, 31 May 2026 11.59 PM IST

കേരളത്തിൽ നിന്നുള്ളതുൾപ്പെടെ മൂന്ന് പുതിയ ഇന്ത്യൻ വിമാനക്കമ്പനികൾ വ്യോമയാന രംഗത്തേക്ക്; എൻഒസി അനുവദിച്ചു

READ ENGLISH VERSION
flight

ന്യൂഡൽഹി: ഈ മാസം തുടക്കത്തിലുണ്ടായ ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രണ്ട് പുതിയ എയർലൈനുകൾക്ക് വ്യോമയാന മന്ത്രാലയം എൻഒസി അനുവദിച്ചു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയിൽ കുത്തക ഒഴിവാക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അൽഹിന്ദ് എയർ, ഫ്ലൈ എക്‌സ്‌പ്രസ് എന്നീ കമ്പനികൾക്കാണ് സർക്കാർ എൻഒസി നൽകിയിരിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിൽ അൽഹിന്ദ് എയർ കേരളത്തിൽ നിന്നുള്ളതാണ്.

'ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിക്കാൻ ആഗ്രഹിക്കുന്ന പുതിയ എയർലൈനുകളായ ശംഖ് എയർ, അൽഹിന്ദ് എയർ, ഫ്ലൈ എക്‌സ്‌പ്രസ് എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. ശംഖ് എയറിന് മന്ത്രാലയത്തിൽ നിന്ന് നേരത്തേ എൻഒസി ലഭിച്ചു. ഈ ആഴ്‌ച അൽഹിന്ദ് എയർ, ഫ്ലൈ എക‌്സ്‌പ്രസ് എന്നിവയ്‌ക്ക് എൻഒസികൾ ലഭിച്ചു.

മോദി സർക്കാരിന്റെ നയങ്ങൾ കാരണം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാന വിപണികളിൽ ഒന്നായ ഇന്ത്യൻ വിമാന വ്യവസായത്തിൽ കൂടുതൽ എയർലൈനുകളെ പ്രോത്സാഹിപ്പിക്കുക എന്നത് മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ഉ‌ഡാൻ പോലുള്ള പദ്ധതികൾ, സ്റ്റാർ എയർ, ഇന്ത്യ വൺ എയർ, ഫ്ലൈ 91 തുടങ്ങിയ ചെറിയ കാരിയറുകൾക്ക് രാജ്യത്തിനകത്ത് റീജ്യണൽ കണക്‌ടിവിറ്റിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സഹായിച്ചിട്ടുണ്ട്. ഇനിയും വളർച്ചയുണ്ടാകും' - കേന്ദ്രമന്ത്രി പോസ്റ്റിലൂടെ വ്യക്തമാക്കി.

എയർലൈൻ തകർച്ചകൾ ആഗോള പ്രതിഭാസമാണെങ്കിലും സാമ്പത്തിക സൗഹൃദമല്ലാത്ത പ്രവർത്തന സാഹചര്യങ്ങൾ കാരണം രാജ്യത്ത് സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് വ്യവസായ മേധാവികൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്‌ക്ക് നേരിട്ട പ്രതിസന്ധി മൂലം പത്ത് ദിവസത്തിനുള്ളിൽ ഏകദേശം 4,500 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകളെ ഇത് കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NOC, AIRLINE, AVIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360