
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിനെ വട്ടം ചുറ്റിച്ച് കാലാവസ്ഥ. ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടീമിന് മോശം കാലാവസ്ഥയെത്തുടർന്ന് നിശ്ചിത സമയത്ത് അഹമ്മദാബാദിൽ എത്തിച്ചേരാൻ സാധിച്ചില്ല. പഞ്ചാബ് ഉൾപ്പെടുന്ന വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുണ്ടായ കനത്ത മഴയെത്തുടർന്ന് ടീമിന്റെ ചാർട്ടേഡ് വിമാനം വൈകുകയായിരുന്നു. ഇതോടെ ഫൈനൽ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് പോലും സമയം ലഭിക്കാത്ത അവസ്ഥയിലാണ് ഗുജറാത്ത് ടീം.
ഇന്നലെ ഉച്ചയ്ക്ക് ചണ്ഡീഗഢിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഗുജറാത്ത് ടീമിന് മോശം കാലാവസ്ഥയെത്തുടർന്ന് എയർപോർട്ട് അതോറിട്ടി ടേക്ക്ഓഫ് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് ടീമിന് അഹമ്മദാബാദിൽ ലാൻഡ് ചെയ്യാനായത്. അവിടെ നിന്നും 30 മിനിട്ട് യാത്ര ചെയ്ത് ഗാന്ധിനഗറിലെ ഹോട്ടലിലേക്ക് ടീം എത്തിയപ്പോഴേക്കും അർദ്ധരാത്രിയായിരുന്നു.
ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിന് ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസം യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തവണ പ്ലേഓഫ് മത്സരങ്ങൾ മൂന്ന് വ്യത്യസ്ത വേദികളിലായി നടത്താൻ ബിസിസിഐ തീരുമാനിച്ചതാണ് യാത്രാ പ്രതിസന്ധിക്ക് കാരണം. മറുഭാഗത്ത്, ഫൈനലിൽ ഗുജറാത്തിന്റെ എതിരാളികളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേരത്തെ തന്നെ അഹമ്മദാബാദിൽ എത്തിക്കഴിഞ്ഞു. ധർമ്മശാലയിൽ നടന്ന ഒന്നാം ക്വാളിഫയർ ജയിച്ചതിന് പിന്നാലെ ബുധനാഴ്ച തന്നെ ആർസിബി സംഘം അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. രജത് പടീദാർ നയിക്കുന്ന ടീം ഇതിനോടകം രണ്ട് പരിശീലന സെഷനുകളും പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ആർസിബി ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. നേരത്തെ എത്തിയത് ടീമിന് ഗുണം ചെയ്യുമെന്ന് ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആർസിബി നായകൻ രജത് പടീദാർ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ ഐപിഎൽ ഫൈനലിനാണ് ഇന്ന് ഇറങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നാലാം തവണയാണ് ഐപിഎൽ ഫൈനലിന് വേദിയാകുന്നത്. വെള്ളിയാഴ്ച മുള്ളൻപൂരിൽ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്താണ് ഗുജറാത്ത് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. രാജസ്ഥാൻ ഉയർത്തിയ 215 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ക്യാപ്ടൻ ശുഭ്മൻ ഗിൽ 104 റൺസ് നേടി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഇന്ന് രാത്രി 7.30ന് അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരിൽ കിരീടം ആരുയർത്തുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |