SignIn
Kerala Kaumudi Online
Wednesday, 27 May 2026 8.20 PM IST

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത; വിപ്ലവം തീര്‍ക്കാന്‍ വരുന്നു ഹൈഡ്രജന്‍ ട്രെയിനുകള്‍, ആദ്യ റൂട്ട് ഇങ്ങനെ

hydrogen-train

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി, നോര്‍തേണ്‍ റെയില്‍വേയുടെ ജിന്ദ് - സോണിപത് പാതയില്‍ 10 കോച്ചുകളുള്ള ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ അനുമതി നല്‍കി. 1200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സംവിധാനമാണ് ട്രെയിനിന് ശക്തി പകരുന്നത്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍. ഇതില്‍ നിന്ന് പുറത്തുവരുന്നത് ജലബാഷ്പം മാത്രമായതിനാല്‍ മലിനീകരണം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഭാവിയിലെ ശുദ്ധ ഊര്‍ജ ഗതാഗത സംവിധാനമായി ലോകമെമ്പാടും ഹൈഡ്രജന്‍ ട്രെയിനുകള്‍ ശ്രദ്ധ നേടുകയാണ്.

ഈ പദ്ധതിയിലൂടെ ജര്‍മ്മനി, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ചുള്ള റെയില്‍ ഗതാഗതം പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേരുകയാണ്. ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസനഘട്ടത്തിലായതിനാല്‍ ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് ഇത്തരം ട്രെയിനുകള്‍ ഉപയോഗിക്കുന്നത്.

ഹരിയാനയിലെ ജിന്ദ് - സോണിപത് പാതയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ട്രെയിനിനാവശ്യമായ ഹൈഡ്രജന്‍ സംഭരണവും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള സൗകര്യവും ജിന്ദില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ അനുമതി പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (PESO) നല്‍കിയിട്ടുണ്ട്.

ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ആവശ്യമായ സാങ്കേതിക സഹായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുന്നതിനും തീപിടിത്ത സാദ്ധ്യത മുന്‍കൂട്ടി തിരിച്ചറിയുന്നതിനുമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ പതിവായി പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യും.

ഹൈഡ്രജന്‍ ട്രെയിനിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പ്രവര്‍ത്തന-പരിപാലന മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍.ഡി.എസ്.ഒ.യുടെ അംഗീകാരത്തോടെ തയ്യാറാക്കിയിട്ടുണ്ട്. ശകൂര്‍ബസ്തിയില്‍ ഒരുക്കുന്ന പരിപാലന കേന്ദ്രത്തിലും ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടപ്പാക്കും.

ഹൈഡ്രജന്‍ ഇന്ധന സംവിധാനം 24 മണിക്കൂറും നിരീക്ഷിക്കുക, പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയോഗിക്കുക, നിശ്ചിത ഇടവേളകളില്‍ പരിശോധനയും പരിപാലനവും നടത്തുക തുടങ്ങിയ കര്‍ശന സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തുടക്കഘട്ടത്തില്‍ സാങ്കേതിക വിദഗ്ധര്‍ ട്രെയിനിനൊപ്പം യാത്ര ചെയ്ത് പ്രവര്‍ത്തനം വിലയിരുത്തും.

നൂതന സാങ്കേതികവിദ്യ, ഊര്‍ജക്ഷമത, പരിസ്ഥിതി സംരക്ഷണം എന്നിവയോടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്. ശുദ്ധ ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഈ പദ്ധതി നിര്‍ണായക പങ്കുവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360