SignIn
Kerala Kaumudi Online
Saturday, 10 October 2026 2.20 AM IST

അനുമതിയില്ലാത്ത സമരം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

READ ENGLISH VERSION
1

ന്യൂഡൽഹി: പ്രതിഷേധിക്കാനായി അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് സമരം നടത്താൻ അവകാശമുണ്ടെങ്കിലും, അനുമതിയില്ലെങ്കിൽ ആ സമരം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സമരക്കാർ നിയമനടപടി നേരിടേണ്ടി വരും. ഇന്നത്തെ ജന്തർ മന്ദ‌ർ സമരത്തിന് അനുമതി നിഷേധിച്ചതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി സമർപ്പിച്ച ഹർജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കവെയാണിത്.

മിന്നൽ സമരം നടത്താൻ പോലും പൗരന് അവകാശമുണ്ടെന്ന് വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. സമരത്തിന്റെ സംഘാടകർ സമീപിച്ചാൽ നിയന്ത്രണങ്ങളിൽ ഇളവു നൽകാമെന്ന് കോടതി സൂചിപ്പിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സംഘാടകനല്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ഇന്നലെ ഡൽഹി ഹൈക്കോടതി തയ്യാറായില്ല. തിങ്കളാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി മാറ്റി.

നിലവിൽ ജന്ത‌ർ മന്ദറാണ് ഡൽഹിയിലെ സ്ഥിരം സമരവേദി. അക്കാര്യം പുന:പരിശോധിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് പറഞ്ഞു. അവിടെ സർക്കാർ സ്ഥാപനങ്ങളും എം.പിമാരുടെ വസതികളുമുണ്ട്. ആംബുലൻസിന് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. സൗകര്യങ്ങളുളള സമരവേദി കണ്ടെത്താമെന്നും കേന്ദ്രം ഉറപ്പുനൽകി.

അതേസമയം, ഇന്നത്തെ സമരം നേരിടാൻ ഡൽഹി പൊലീസിന് സമ്പൂർണ സ്വാതന്ത്ര്യം നൽകണമെന്ന ഹ‌ർജി സുപ്രീംകോടതി തള്ളി. നിയമനടപടികളിൽ വിദ്യാർത്ഥികളുടെ ഭാവി കുരുക്കിയിടാനാകില്ലെന്ന് നിലപാടെടുത്തു. ഇതിനിടെ, എസ്.ഐ.ആർ പ്രക്രിയ അംഗീകരിച്ച വിധി പിൻവലിക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്‌ജി വി. ഗോപാല ഗൗഡ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRIKE, PROTEST IN DELHI, LATESTNEWS, NATIONALNEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360