
ഓസ്‌ലോ: സമഗ്ര ആഗോള നിയമവ്യവസ്ഥയ്ക്കായി ധീരതയോടെ നിലകൊണ്ട ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് (നവി പിള്ള-85) ഇക്കൊല്ലത്തെ സമാധാന നോബൽ. നവിയുടെ മാതാപിതാക്കളുടെ കുടുംബം 1890കളിൽ തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ്.
ഡർബനിൽ ജനിച്ചുവളർന്ന നവി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി), അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ട, ദക്ഷിണാഫ്രിക്കൻ ഹൈക്കോടതി തുടങ്ങി നിരവധിയിടങ്ങളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. വധശിക്ഷയ്ക്കെതിരായ അന്താരാഷ്ട്ര കമ്മിഷന്റെ 16 -ാമത്തെ കമ്മിഷണറായും പ്രവർത്തിച്ചു. നിലവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) മ്യാൻമർ വംശഹത്യാ കേസുമായി ബന്ധപ്പെട്ട അഡ് ഹോക്ക് ജഡ്ജിയാണ്.
യുദ്ധക്കുറ്റങ്ങൾ, മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവ വിചാരണ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നവി നിർണായക പങ്ക് വഹിച്ചെന്ന് നോർവീജിയൻ നോബൽ സമിതി ചൂണ്ടിക്കാട്ടി. 12 മില്യൺ സ്വീഡിഷ് ക്രോണറാണ് ( 11,51,13,516 രൂപ) പുരസ്കാര തുക. ആഗോളസംഘർഷം വർദ്ധിക്കുകയും അന്താരാഷ്ട്ര ജുഡീഷ്യൽ സംവിധാനങ്ങൾ കടുത്ത രാഷ്ട്രീയ സമ്മർദ്ദം നേരിടുകയും ചെയ്യുന്ന ഈ സമയത്ത് നവിയുടെ പുരസ്കാരം ഏറെ പ്രസക്തമാണ്.
ഇസ്രയേലിനെ 'പ്രതിക്കൂട്ടിലാക്കി '
നവി ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ശബ്ദമുയർത്തി. നെൽസൺ മണ്ടേലയെ പിന്തുണച്ചു
നറ്റാൽ പ്രവിശ്യയിൽ സ്വന്തം നിയമ സ്ഥാപനം തുടങ്ങിയ വെളുത്തവർഗത്തിൽപെടാത്ത ആദ്യ വനിത
ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ വെളുത്ത വർഗ്ഗത്തിൽപ്പെടാത്ത ആദ്യ വനിതാ ജഡ്ജി
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ യു.എൻ റിപ്പോർട്ടിന് മേൽനോട്ടം വഹിച്ചു. അധിനിവേശ പാലസ്തീൻ പ്രദേശങ്ങൾക്കായുള്ള യു.എൻ അന്വേഷണ കമ്മിഷന്റെ അദ്ധ്യക്ഷ. റിപ്പോർട്ടിനെ ഇസ്രയേൽ രൂക്ഷമായി വിമർശിച്ചിരുന്നു
ദക്ഷിണാഫ്രിക്കയിലേക്ക് സമാധാന നോബൽ എത്തുന്നത് 5 -ാം തവണ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |