SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.41 PM IST

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകില്ലേ? അപ്രതീക്ഷിത കരുനീക്കങ്ങളുമായി എതിരാളികൾ

vijay

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 പേരുടെ ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാലാണ് വിജയ്‌യുടെ മുഖ്യമന്ത്രി മോഹം പൂവണിയാതെ നീളുന്നത്. എങ്ങനെയും ആ മാന്ത്രിക സംഖ്യയിലെത്താൻ വിജയ്‌യുടെ പാർട്ടിയായ ടി വി കെ കഷ്ടപ്പെടുമ്പോൾ വിജയ്‌യെ തടയിടാനുള്ള പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരൻ. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പെട്ട് അദ്ദേഹം ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകി.

തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ് കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാദ്ധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്ന് ഗവർണറെ അറിയിക്കുന്നതിനു വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ പേരിൽ ടിവികെ വ്യാജ കത്തുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടിടിവി ദിനകരൻ പറഞ്ഞു. അതുവരെ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കണം എന്നുമാണ് ടിടിവി ദിനകരൻ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

അതിനിടെ ദിനകരന്റെ ആരോപണത്തെ തള്ളി ടി വി കെ രംഗത്തെത്തി. കത്ത് വ്യാജമല്ലെന്നാണ് അവർ പറയുന്നത്. വ്യാജക്കത്ത് നിർമ്മിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയ ടി വി കെ കാമരാജ് കത്തെഴുതുന്ന ദൃശ്യവും പുറത്തുവിട്ടു.

വിജയ് മുഖ്യമന്ത്രിയാവുമെന്ന് ഇന്നലെ രാത്രി ഏഴോടെ ഉറപ്പാക്കിയെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞതോടെ ആവശ്യമായ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക് ഭവൻ അറിയിക്കുകയായിരുന്നു. 118 വേണ്ടിടത്ത് 116 പേരുടെ പിന്തുണക്കത്ത് മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ലോക്‌ഭവൻ അറിയിച്ചു. 120 പേരുടെ പിന്തുണ വിജയ് അവകാശപ്പെട്ടിരുന്നു. ഇന്ന് രാവിലെ 11ന് നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്താൻ ഒരുക്കം നടത്തുന്നതിനിടെയാണ് ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ നടത്താനാകില്ലെന്ന് ലോക്‌ഭവനിൽ നിന്ന് അറിയിക്കുന്നത്. ചീഫ് സെക്രട്ടറി എം.സായികുമാർ ഗവണർ ആർലേക്കറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ വൈകിട്ട് ആറരയോടെ വിജയ് എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയിരുന്നു. ടി.വി.കെ-107, കോൺഗ്രസ്- 5, സി.പി.എം, സി.പി.ഐ രണ്ട് വീതം എന്നിങ്ങനെയാണ് പിന്തുണക്കത്തിലുള്ളത്. രണ്ടംഗങ്ങളുള്ള വി.സി.കെ ഗവർണർക്ക് ഇ മെയിൽ വഴി കത്തയക്കുമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാളവൻ രാത്രി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനെ വീട്ടിലെത്തി കണ്ടു. രണ്ട് സീറ്റുള്ള മുസ്ലിംലീഗും ചുവടുമാറ്റി. സഭയിൽ പിന്തുണയ്ക്കാമെന്നാണ് പറഞ്ഞതെന്ന് ലീഗ് വാർത്താക്കുറിപ്പിറക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, THAILNADU, CHIEF MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360