മുംബയ്: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തം നടക്കുമ്പോൾ കെട്ടിടത്തിൽ അനധികൃതമായി അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ബാലാജി നഗറിലെ കോഹിനൂർ കെട്ടിടസമുച്ചയം തകർന്നത്. ഒൻപത് മണിയോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പല കുടുംബങ്ങളെയും ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണെന്നാണ് നിഗമനം. പരിക്കേറ്റ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ ചികിത്സയിലാണ്.
ഭിവണ്ടി നിസാംപുർ സിറ്റി മുൻസിപ്പൽ കോർപറേഷൻ (ബിഎൻസിഎംസി) നേരത്തെ തന്നെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തുകയും 'കാറ്റഗറി സി' വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു.
ഓരോ നിലയിലും 12 മുറികൾ വീതം ആകെ 48 മുറികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കോർപറേഷന്റെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക താമസക്കാരും ഒഴിഞ്ഞിരുന്നു. എന്നാൽ ഒരു കുടുംബം മാത്രം ഇവിടെ തുടർന്നു. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
A four-story building collapsed in Bhiwandi, Maharashtra, on Thursday night, resulting in six deaths and many injuries. Several people remain trapped under the debris. The Kohinoor building, previously declared dangerous by the municipal corporation, was undergoing renovation at the time of the collapse. Ineffective interventions during this work are believed to have contributed to the tragedy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |