
ജക്കാർത്ത: ഇൻഡോനേഷ്യയിൽ 35കാരനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്. 23 അടി നീളമുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ പെരുമ്പാമ്പിന്റെയുള്ളിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തിങ്കളാഴ്ച നോർത്ത് മലുകു പ്രവിശ്യയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.
പുലർച്ചെ 3 ഓടെ വക്‌സകായ് ഗ്രാമത്തിന് സമീപത്തെ വനത്തിലൂടെ ഒറ്റയ്ക്ക് നടന്നുവരവെയാണ് കർഷകനായ യുവാവിനെ പെരുമ്പാമ്പ് പിടികൂടിയത്. ഒരു ആഘോഷത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. പാമ്പ് ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങുകയായിരുന്നു എന്നാണ് വിവരം.
കാണാതായതോടെ യുവാവിനെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരും നാട്ടുകാരും വനത്തിൽ ബാഗും രക്തക്കറകളും കണ്ടെത്തി. വൈകാതെ അസാധാരണമായി വയറുവീർത്ത ഭീമൻ പെരുമ്പാമ്പിനെയും കണ്ടെത്തി. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പെരുമ്പാമ്പിനെ കൊന്ന ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
# ആക്രമണം പതിവ്
ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ. 20 - 28 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 175 കിലോഗ്രാം വരെ ഭാരമുണ്ടാകും. വളഞ്ഞ പല്ലുകൾ കൊണ്ട് ഇരയെ കടിച്ചെടുത്ത ശേഷം ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിക്കുന്നതാണ് പതിവ്
ഇൻഡോനേഷ്യയിൽ പെരുമ്പാമ്പ് മനുഷ്യനെ ആക്രമിക്കുന്നതും വിഴുങ്ങുന്നതും ആദ്യമല്ല. സൗത്ത് സുലവേസി, ജാംബി, മുനാ ദ്വീപ്, വെസ്റ്റ് സുലവേസി തുടങ്ങിയ പല ഇടങ്ങളിലും മനുഷ്യരുടെ മൃതദേഹം റെറ്റിക്കുലേറ്റഡ് പൈത്തണിന്റെയുള്ളിൽ കണ്ടെത്തിയിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |