
ന്യൂഡൽഹി: പ്രധാനമന്ത്രി ജനാധിപത്യത്തിന് എതിരായി പ്രവർത്തിക്കുമെന്ന അനുമാനം വേണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികളിലാണിത്. നിയമനങ്ങളിൽ പ്രധാനമന്ത്രി ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുമെന്ന് ഊഹിക്കേണ്ടതില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അങ്ങനെ കോടതി നിലപാടെടുത്താൽ ഇത്തരം സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ വിശ്വാസം ദുർബലപ്പെടും.
പ്രധാനമന്ത്രിയെ എന്തിന് അവിശ്വസിക്കണമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ്ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു. ഭരണഘടനാ ചോദ്യങ്ങളുള്ള വിഷയമായതിനാൽ വിശാലബെഞ്ചിന് വിടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിധി പറയാൻ മാറ്റി. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ,അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന തുടങ്ങിയവരാണ് ഹർജിക്കാർ. നിയമഭേദഗതി പ്രകാരം പ്രധാനമന്ത്രി,ലോക്‌സഭാ പ്രതിപക്ഷ നേതാവ്,പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയതാണ് സെലക്ഷൻ കമ്മിറ്റി. ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് ഹർജികളിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |