SignIn
Kerala Kaumudi Online
Friday, 31 July 2026 6.41 AM IST

ഈശ ഗ്രാമോത്സവം: സംസ്ഥാനതല മത്സരങ്ങൾ കോലഞ്ചേരിയിൽ

കൊച്ചി: ഈശ ഗ്രാമോത്സവത്തിന്റെ ഭാഗമായ സംസ്ഥാനതല വോളിബോൾ, ത്രോ ബോൾ മത്സരങ്ങൾ ആഗസ്റ്റ് 15ന് എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തും.

കായിക - സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഗ്രാമങ്ങളുടെ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ ഈശ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരുവാണ് ഗ്രാമോത്സവത്തിന് തുടക്കം കുറിച്ചത്. ദേശീയ, അന്തർദേശീയ തലത്തിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധികരിച്ചിട്ടില്ലാത്ത, 13വയസിന് മുകളിലുള്ള സ്ത്രീകൾക്ക് ത്രോ ബോളിലും 14ന് മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് വോളിബോളിലും മത്സരിക്കാം. ഉയർന്ന പ്രായപരിധിയില്ല. ജില്ല (ക്ലസ്റ്റർ), സംസ്ഥാന (ഡിവിഷണൽ), ദേശിയ (ഗ്രാൻഡ് ഫിനാലെ) തലത്തിലാണ് മത്സരങ്ങൾ.

ഡിവിഷണൽ തലത്തിൽ ആദ്യത്തെ നാല് വിജയികൾക്ക് യഥാക്രമം 10000, 7000, 5000, 3000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും.

ക്ലസ്റ്റർ മത്സരങ്ങൾ ആഗസ്റ്റ് 1, 2 തീയതികളിൽ അതത് ജില്ലകളിൽ നടക്കും. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധാപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് ഡിവിഷണൽ മത്സരങ്ങൾ. ഇവിടെ നിന്നുള്ള വിജയികളെ പങ്കെടുപ്പിച്ച് സെപ്തംബർ ആദ്യ ആഴ്ചയിൽ കോയമ്പത്തൂരിലെ ഈശ ആസ്ഥാനത്ത് ഗ്രാൻഡ് ഫിനാലെ നടക്കും.

ഗ്രാൻഡ് ഫിനാലെ വിജയിക്ക് 5 ലക്ഷവും റണ്ണർഅപ്പിന് 3 ലക്ഷവും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 1 ലക്ഷം, 50,000 രൂപ വീതവും സമ്മാനം ലഭിക്കും. ത്രോബാളിൽ ഓരോ സംസ്ഥാനത്തെയും മികച്ച വനിതാ കളിക്കാർക്ക് ഗ്രാവിറ്റൺ ഇ-ബൈക്ക് സമ്മാനം നൽകും.

കേരളത്തിൽ 6 ജില്ലകളിലാണ് ഇത്തവണ മത്സരം. അടുത്തവർഷം 14 ജില്ലകളിലും മത്സരം സംഘടിപ്പിക്കുമെന്ന് ഈശ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ഈശ വളണ്ടിയ‌ർമാരായ രാമകൃഷ്ണൻ, സോമനാഥ്, കേരള വോളിബോൾ ടെക്നിക്കൽ കമ്മിറ്റി അംഗം ടി. രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360