SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.56 PM IST

ഇന്ത്യ- ഗ്രീസ് ധാരണ വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും

greece

ന്യൂഡൽഹി: വ്യാപാര- സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ- ഗ്രീസ് ധാരണ. ഇന്നലെ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോറ്റാക്കീസും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് ധാരണയിലെത്തിയത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികളിലൂടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. 2030ഓടെ വ്യപാരവും സാമ്പത്തിക ബന്ധവും ഇരട്ടിയാക്കും. 2008ന് ശേഷം ആദ്യമായാണ് ഗ്രീക്ക് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.

ഫാർമസ്യൂട്ടിക്കൽസ്, തുറമുഖങ്ങൾ, രാസവസ്തുക്കൾ, ഷിപ്പിംഗ്, ഭക്ഷണം, വാർത്താവിനിമയം, പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുക.

മെഡിറ്ററേനിയൻ കടലിലെ തന്ത്രപ്രധാനമായ സാന്നിദ്ധ്യത്താൽ ആഗോള ഷിപ്പിംഗ് വ്യവസായത്തിൽ ഗ്രീസിന് നിർണായക സ്ഥാനമാണുള്ളത്. യു.എസ് ഏജൻസി ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്‌ട്രേഷൻ കണക്കനുസരിച്ച്,​ ലോകത്തിലെ ഷിപ്പിംഗ് അഞ്ചിലൊന്ന് ഭാഗവും യൂറോപ്യൻ യൂണിയന്റെ 60 ശതമാനവും നിയന്ത്രിക്കുന്നത് ഗ്രീക്ക് കപ്പൽ ഉടമകളാണ്. അതിനാൽ ഗ്രീസുമായുള്ള സഹകരണം നിർണായകമാണെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യൻ, ഗ്രീക്ക് തുറമുഖങ്ങളിൽ കൂടുതൽ നിക്ഷേപ അവസരങ്ങളും പ്രതീക്ഷിക്കുന്നു.

യൂറോപ്യൻ വിപണികളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കാൻ സഹായിക്കുന്ന ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (ഐ.എം.ഇ.സി) ജി 20 ഉച്ചകോടിക്കിടെ ഗ്രീസ് പിന്തുണ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത് ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തെ ദൃഢമാക്കുമെന്നും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്‌ചയിൽ ആഴത്തിൽ ചർച്ച ചെയ്‌തെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.

സംയുക്ത വർക്കിംഗ് ഗ്രൂപ്പ്

പ്രതിരോധ സഹകരണത്തിനായി സമുദ്ര സുരക്ഷ, ഭീകര വിരുദ്ധ നടപടികൾ, സൈബർ സുരക്ഷ എന്നിവയിൽ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ബഹിരാകാശം, നൂതന സാങ്കേതിക വിദ്യകൾ, നേരിട്ടുള്ള വിമാന സർവീസ്, മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി തുടങ്ങിയ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കും.

ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും

2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയും ഗ്രീസും വേഗത്തിൽ മുന്നേറുന്നത് സന്തോഷകരമായ കാര്യമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ ആശങ്കകളും മുൻഗണനകളുമുണ്ട്. ഭീകര വിരുദ്ധ മേഖലകളിൽ സഹകരണം എങ്ങനെ ശക്തിപ്പെടുത്താമെന്ന് വിശദമായി ചർച്ച ചെയ്തു. പ്രതിരോധത്തിലും സുരക്ഷയിലുമുള്ള സഹകരണം പരസ്പര വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ പ്രതിരോധ ഉത്പാദനത്തിൽ പുതിയ അവസരങ്ങൾ തുറക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകും. എല്ലാ തർക്കങ്ങളും പിരിമുറുക്കങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നാണ് നിലപാട്. ഇന്തോ-പസഫിക്കിൽ ഗ്രീസിന്റെ സജീവ പങ്കാളിത്തത്തെയും ക്രിയാത്മകമായ പങ്കിനെയും സ്വാഗതം ചെയ്യുന്നു. കാർഷിക മേഖലയിൽ ഇന്ത്യ-ഗ്രീസ് സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് വിപുലമായി ചർച്ച ചെയ്‌തു.

- നരേന്ദ്രമോദി

പ്രധാനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360