
ന്യൂഡൽഹി: തൃണമൂൽ ചിഹ്ന തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ 4 മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 6 മാസം സമയം ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചില്ല. അത്രയും അടിയന്തര സാഹചര്യം എന്തെങ്കിലുമുണ്ടായാൽ സമീപിക്കാൻ അനുമതി നൽകി. ചിഹ്നവും പാർട്ടി പേരും മരവിപ്പിച്ച കമ്മിഷൻ നടപടിക്കെതിരെ തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി സമർപ്പിച്ച ഹർജിയിലാണിത്. "പൂക്കളും പുല്ലും" ചിഹ്നവും, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പാർട്ടി എന്ന പേരും ലഭിക്കണമെന്നാണ് മമത വിഭാഗവും,റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും കമ്മിഷന് മുന്നിൽ ആവശ്യപ്പെട്ടത്. 4 ആഴ്ചയ്‌ക്കകം ഇരുവിഭാഗങ്ങളും അവരുടെ വാദമുഖങ്ങൾ കമ്മിഷന് മുന്നിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഒക്ടോബർ 6ന് നിശ്ചയിച്ചിരിക്കുന്ന നന്ദിഗ്രാം, രെജിനഗർ നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വെവ്വേറെ ചിഹ്നങ്ങളും പാർട്ടി പേരുകളും ഇരുവിഭാഗങ്ങൾക്കും കമ്മിഷൻ അനുവദിച്ചിരുന്നു. അതേസമയം,ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ ചോദ്യം ചെയ്‌ത ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തള്ളി. ഒക്ടോബർ 5നാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. അന്ന് പരിഗണിക്കുമെന്നും വ്യക്തമാക്കി.
കൂറുമാറ്റം: ഒക്ടോബർ 8നകം
തീരുമാനമെടുക്കണം
10 വിമത തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹർജികളിൽ ബംഗാൾ സ്പീക്കർ ഒക്ടോബർ 8നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. കൂറുമാറിയവർക്കെതിരെ മമത ബാനർജി വിഭാഗത്തിലെ സോഹൻദേബ് ചതോപാദ്ധ്യായ സ്പീക്കർക്ക് ഹർജി നൽകിയിരുന്നു. ഇതിൽ തീരുമാനമെടുക്കുന്നത് വൈകുന്നതായി സോഹൻദേബ് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |