SignIn
Kerala Kaumudi Online
Friday, 18 September 2026 1.46 PM IST

ആപ്പിനെ വെട്ടിലാക്കി മന്ത്രിയുടെ രാജി , പാർട്ടി  അഴിമതിയിൽ  കുളിച്ചെന്ന്  മന്ത്രി

READ ENGLISH VERSION

raj-kuma


 ഇന്ത്യ മുന്നണിക്കും ക്ഷീണം

# സുപ്രീംകോടതി കേജ്‌രിവാളിന്റെ
ഹർജി അടിയന്തരമായി പരിഗണിച്ചില്ല

ന്യൂഡൽഹി: അറസ്റ്റും വിചാരണക്കോടതി നടപടിയും ചോദ്യംചെയ്ത് സമീപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഉടനടി കേൾക്കാൻ സുപ്രീംകോടതി തയ്യാറായില്ല. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ രാജ്കുമാർ ആനന്ദ് രാജി വയ്ക്കുകയും അഴിമതി പാർട്ടിയാണെന്ന് തുറന്നടിക്കുകയുംചെയ്തു. പാർട്ടി അംഗത്വവും ഒഴിഞ്ഞു.

മന്ത്രിസഭയിലെ ഒരാൾ തന്നെ തിരിഞ്ഞതോടെ ഇന്ത്യ മുന്നണിയും പ്രതിരോധത്തിലായി. കേജ്‌രിവാളിനെ ജയിലിലാക്കിയതോടെ, രക്തസാക്ഷി പരിവേഷം നൽകിയാണ് മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നത്. ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിശിത വിമർശനത്തോടെ കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അഴിമതിയുടെ ചതുപ്പിലാണ് പാർട്ടിയെന്ന് ആനന്ദ് ഇന്നലെ പറയുകകൂടി ചെയ്തത് മുന്നണിക്കാകെ ക്ഷീണമായി.

അതേസമയം, രാജ്കുമാർ ആനന്ദിനെ ഇ.ഡി ലക്ഷ്യം വച്ചതോടെയാണ് രാജിയെന്ന് ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും ആരോപിച്ചു. ഏഴു കോടിയിലധികം രൂപയുടെ കസ്റ്റംസ് വെട്ടിപ്പ് നടത്തിയെന്ന കേസിൽ 2023 നവംബറിൽ ആനന്ദിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.

പട്ടേൽ നഗറിൽ നിന്നുള്ള എം.എൽ.എയായ ആനന്ദ് സാമൂഹ്യക്ഷേമ, തൊഴിൽ, പട്ടികജാതി, പട്ടിക വർഗ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആംആദ്‌മി സർക്കാരിലെ ആദ്യരാജിയാണിത്.

10 രാജ്യസഭാ എം.പിമാരിൽ ദളിതരോ സ്ത്രീകളോ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇല്ല. ദളിത് എം.എൽ.എമാരും കൗൺസിലർമാരുമില്ല. അത്തരമൊരു പാർട്ടിയിൽ തുടരാൻ ബുദ്ധിമുട്ടാണ്. മറ്റൊരു പാർട്ടിയിലും ചേരുന്നില്ല

- രാജ്കുമാർ ആനന്ദ്

പരിശോധിച്ച് നടപടി: ചീഫ് ജസ്റ്റിസ്

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടെങ്കിലും അതിനുള്ള ഇ-മെയിൽ അപേക്ഷ പരിശോധിച്ച് നടപടിയെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകിയത്. ഇന്ന് ചെറിയ പെരുന്നാൾ അവധിയും നാളെ പ്രാദേശിക അവധിയുമാണ്. ഇനി തിങ്കളാഴ്ചയേ കോടതി തുറക്കുകയുള്ളു.

പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വ്യക്തമായ പരാമർശത്തോടെയാണ് ഹൈക്കോടതി കേജ്‌രിവാളിന്റെ ഹർജി തള്ളിയത്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തി ഹർജി പരിഗണിക്കാനുള്ള സാദ്ധ്യത കുറവെന്നാണ് നിയമജ്ഞരുടെ വിലയിരുത്തൽ.

തങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുന്ന, വിശ്വാസയോഗ്യമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്ന് സിംഗ്‌വി സുപ്രീംകോടതിയെ അറിയിച്ചു.

കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ആം ആദ്മി സ്ഥാനാർത്ഥിയുടെ നിർണായക മൊഴിയുണ്ടെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചത്.

അനന്തരം

1. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മികച്ച വിജയം നേടി 'ഇന്ത്യ' മുന്നണിക്കുള്ളിൽ ശക്തിയാകാനുള്ള ആംആദ്‌മി പാർട്ടിയുടെ പ്രതീക്ഷകളെ തകർക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഡൽഹി ഹൈക്കോടതി വിധിയും ഇന്നലത്തെ മന്ത്രിയുടെ രാജിയും

2. മദ്യനയക്കേസിൽ കേജ്‌രിവാൾ മുഖ്യ ആസൂത്രകനാണെന്ന ഇ.ഡി വാദങ്ങൾ ഹൈക്കോടതി ഉത്തരവിൽ ശരിവച്ചത് നല്ല സൂചനയല്ല. സുപ്രീംകോടതിയിൽനിന്ന് ആശ്വാസ വിധി വരുമെന്ന് ഉറപ്പില്ല. ജയിലിൽ തുടരാൻ കോടതി നിർദേശിച്ചാൽ ഇന്ത്യ മുന്നണിയുടെ വിജയസാദ്ധ്യതകളെ ബാധിക്കും.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAJ KUMAR ANAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360