
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപൂരിൽ നടന്ന ഏറ്രുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. മജൽത്ത പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓപ്പറേഷൻ സോഹൻ എന്ന പേരിലാണ് പരിശോധന നടന്നത്.
സൈന്യത്തോടൊപ്പം ജമ്മു കാശ്മീർ പൊലീസും സി.ആർ.പി.എഫും ദൗത്യത്തിന്റെ ഭാഗമായി.
തെരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയുമായിരുന്നു. ഏറ്റുമുട്ടൽ ഇന്നലെ രാവിലെ വരെ തുടർന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉപസംഘടനയായ 'കശ്മീർ ടൈഗേഴ്സു"മായി ബന്ധമുള്ളവരാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. പ്രദേശത്ത് തെരച്ചിലും നിരീക്ഷണവും തുടരുകയാണ്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രജൗരിയിൽ ലഷ്‌കറെ ത്വയ്‌ബയുമായി ബന്ധമുള്ള ശൃംഖലയെ അടുത്തിടെ സൈന്യം തകർത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |