
ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങിയാൽ അധിക തീരുവ ചുമത്തുമെന്ന യു.എസ് ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് വിപണി സാഹചര്യം വിലയിരുത്തി എണ്ണ വാങ്ങുന്നത് തുടരും. പുതിയ തീരുവനീക്കം യു.എസ്-ഇന്ത്യ ബന്ധത്തെ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും നൽകി. 140 കോടി ജനങ്ങളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിന് റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നാണ് രാജ്യം എണ്ണയും വാതകവും വാങ്ങുന്നത്. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇന്ധനം ലഭ്യമാക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ നിന്ന് എണ്ണയുൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ യു.എസ് പ്രസിഡന്റിന് അധികാരം നൽകുന്ന 'ലിൻഡ്സി ഒ. ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026" കഴിഞ്ഞ ദിവസം ജനപ്രതിനിധിസഭ പാസാക്കിയിരുന്നു.ട്രംപ് ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ശേഷം തീരുവ ചുമത്തണോ, ചർച്ചയിലൂടെ പരിഹരിക്കണോയെന്ന് ട്രംപിന് തീരുമാനിക്കാം.
ആഗോള വിപണിയെ
ബാധിക്കും
പുതിയ നിയമം ഇന്ത്യ-യു.എസ് ബന്ധത്തിലും ലോകത്തെ ഇന്ധന വിപണിയിലും ഉണ്ടാക്കാൻ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങൾ യു.എസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ അമേരിക്കൻ അധികൃതരുമായി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ഇറക്കുമതി ചെലവ്
നിയന്ത്രിക്കാം
1. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ
2. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിലൊന്നാണ് റഷ്യ
3. മികച്ച ഡിസ്‌കൗണ്ട് റഷ്യൻ ക്രൂഡിന് ലഭിക്കുന്നതിനാൽ ഇറക്കുമതി ചെലവ് നിയന്ത്രിക്കാനാകുന്നു
4. റഷ്യൻ എണ്ണ വാങ്ങൽ കുറച്ചാൽ രാജ്യത്തെ റിഫൈനറികളുടെ ലാഭത്തെ ബാധിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |