SignIn
Kerala Kaumudi Online
Sunday, 20 September 2026 4.41 AM IST

അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പ് ബോണ്ട് വീണ്ടും നടപ്പാക്കും: നിർമ്മല

s

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ സുപ്രീംകോടതി അസാധുവാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തിരികെ കൊണ്ടുവരുമെന്ന് സൂചിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കൂടിയാലോചന നടത്തി മാറ്റങ്ങളോടെ പദ്ധതി വീണ്ടും കൊണ്ടുവരുമെന്നാണ് മന്ത്രി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പങ്കാളികളുമായി ധാരാളം കൂടിയാലോചന നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കി പദ്ധതി തിരികെ കൊണ്ടുവരാൻ കഴിയുമോയെന്ന് ആലോചിക്കും. സുതാര്യത നിലനിർത്തി, തിരഞ്ഞെടുപ്പിൽ കള്ളപ്പണ സാധ്യത പൂർണമായി ഇല്ലാതാക്കലാണ് ലക്ഷ്യം.

സുപ്രീംകോടതി വിധിയിലൂടെ അസാധുവായത് സുതാര്യമായ പദ്ധതിയാണ്. അതിന്റെ ചില വശങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഏതെങ്കിലും രൂപത്തിൽ അത് തിരികെ കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ബോണ്ട് അസാധുവാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുന്നത് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഒഴുക്ക് നിയന്ത്രിക്കേണ്ടതിനാലും രാഷ്‌ട്രീയ കക്ഷികൾക്ക് പണമായി സംഭാവന നൽകുന്നതിനെ എതിർക്കുന്നതിനാലും ബദൽ സംവിധാനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിൽ കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാതാക്കുമെന്ന് ബി.ജെ.പിയും നരേന്ദ്ര മോദിയും ഉറപ്പു നൽകിയതാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകൾ രാഷ്ട്രീയ ഫണ്ടിംഗിനുള്ള നല്ല മാർഗമായിരുന്നു. പിഴവുകൾ പരിഹരിക്കാമായിരുന്നു. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360