
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം,രെജിനഗർ നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ സ്വന്തംനിലയിൽ മത്സരിച്ചു വിജയിക്കുമെന്ന് കോൺഗ്രസ്. നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തൃണമൂൽ നേതാവ് മമത ബാനർജി പിന്തുണ അറിയിച്ചതിനു പിന്നാലെയാണിത്. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും പാർട്ടി പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ കോൺഗ്രസ് മമതയ്‌ക്കൊപ്പമാണ്.
എന്നാൽ,രണ്ട് മണ്ഡലങ്ങളിലും ഒറ്രയ്‌ക്കു മത്സരിക്കാനാണിത്. കടുത്ത പോരാട്ടം നടത്തുമെന്ന് ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സിസി ജനറൽ സെക്രട്ടറി പ്രകാശ് ജോഷി ഇന്നലെ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും സംസ്ഥാനത്ത് പാർട്ടിയുടെ തിരിച്ചുവരവുണ്ടാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. അറസ്റ്റിലായ നന്ദിഗ്രാമിലെ സ്ഥാനാർത്ഥി മിലാൻ പ്രധാന് ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ കിടന്നു മത്സരിക്കും. ഇതിനിടെ,ചിഹ്നവും പാർട്ടി പേരും മരവിപ്പിച്ചതിനെതിരെ മമത സുപ്രീംകോടതിയെ സമീപിച്ചു.
രെജിനഗറിൽ ട്വിസ്റ്റ്
നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി ഇന്നലെയായിരുന്നു. പ്രചാരണം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി രെജിനഗർ നിയമസഭാ സീറ്രിലെ മമത വിഭാഗം സ്ഥാനാർത്ഥി റബിയുൽ ആലം ചൗധരി ഇന്നലെ രാവിലെ നാമനിർദ്ദേശപത്രിക പിൻവലിക്കാൻ ആദ്യം തീരുമാനിച്ചു. അണികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു,ചിഹ്നം മാറിയത് തിരിച്ചടിയാകും തുടങ്ങിയവ കാരണങ്ങളായി പറഞ്ഞു. പിന്നാലെ മമതയുടെ ഫോൺകോളെത്തി. മത്സര രംഗത്തു നിന്ന് പിന്മാറരുതെന്ന് അഭ്യർത്ഥിച്ചു. മമത നൽകിയ ധൈര്യത്തിൽ സ്ഥാനാർത്ഥി തീരുമാനം മാറ്റി. ഇവിടെ തൃണമൂലിലെ റിതബ്രത ബാനർജി വിഭാഗത്തിലെ സഫിയുസമാൻ ഷെയ്‌ഖ് മത്സര രംഗത്തുണ്ട്. മുഹമ്മദ് അബ്‌ദുള്ളാഹിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഒക്ടോബർ 6നാണ് ഉപതിരഞ്ഞെടുപ്പ്.
മിലാൻ പ്രധാൻ റിമാൻഡിൽ
നന്ദിഗ്രാമിൽ മമത പിന്തുണ അറിയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാനെ 19 വർഷം പഴക്കമുള്ള കൊലക്കേസിൽ വെള്ളിയാഴ്ച അറസ്റ്റു ചെയ്‌തിരുന്നു. 2007ലെ നന്ദിഗ്രാം ഭൂസമരത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണിത്. ഇന്നലെ ഹാൽദിയയിലെ കോടതിയിൽ ഹാജരാക്കിയ പ്രധാനെ ഒക്ടോബർ 3 വരെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തു. കൊലപാതകം,വധശ്രമം,തട്ടിക്കൊണ്ടുപോകൽ,കലാപമുണ്ടാക്കൽ എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തിയ നാലു കേസുകളിൽ അറസ്റ്റ് വാറന്റുകൾ നിലവിലുണ്ടെന്ന് ബംഗാൾ പൊലീസ് വിശദീകരിച്ചു.
വിമർശിച്ച് ബിജെപി
ബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാനാണ് മമതയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമതയുടെ ഭരണത്തിൽ ജനങ്ങൾ ശ്വാസംമുട്ടി കഴിയുകയായിരുന്നു. ബി.ജെ.പി സർക്കാർ ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റോബോട്ടാണെന്നും പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |