
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ എ.ബി.വി.പിക്ക് മേധാവിത്വം. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നും എ.ബി.വി.പി നേടി. പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എ.ബി.വി.പി വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് മുൻ എൻ.എസ്.യു.ഐ പ്രവർത്തകനായ സ്വതന്ത്ര സ്ഥാനാർത്ഥി ദീപാംശു ഷൊക്കീൻ വിജയിച്ചു. ഇതോടെ നാല് കേന്ദ്ര സ്ഥാനങ്ങളിലും വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്ന എൻ.എസ്.യു.ഐയ്ക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല.
എ.ബി.വി.പിയുടെ യശ് ദാബാസ് 24,576 വോട്ട് നേടി പ്രസിഡന്റായി. എൻ.എസ്.യു.ഐ സ്ഥാനാർത്ഥി വിജയ് ശങ്കർ മീണയ്ക്ക് 22,523 വോട്ടാണ് ലഭിച്ചത്. 2,053 വോട്ടിന്റെ ഭൂരിപക്ഷം. സെക്രട്ടറി സ്ഥാനത്ത് എ.ബി.വി.പിയുടെ റിയ ഛൗധരി 21,650 വോട്ടോടെ വിജയിച്ചു. എൻ.എസ്.യു.ഐയുടെ നമ്രത ചൗധരിക്ക് 14,869 വോട്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എ.ബി.വി.പിയുടെ ലക്ഷ്യ രാജ് സിംഗ് 16,615 വോട്ട് നേടി.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥി ദീപാംശു ഷൊക്കീൻ 30,615 വോട്ടുമായി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. എ.ബി.വി.പിയുടെ ഇഷു മൗര്യയ്ക്ക് 16,910 വോട്ടും എൻ.എസ്.യു.ഐയുടെ വീർ ഛത്രത്തിന് 4,313 വോട്ടും ലഭിച്ചു. സെപ്തംബർ 18നായിരുന്നു വോട്ടെടുപ്പ്.
വോട്ടെണ്ണൽ അട്ടിമറിച്ചു
ഫലപ്രഖ്യാപനത്തിനു പിന്നാലെ ക്യാമ്പസിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ പ്രതിഷേധവും തുടർന്ന് സംഘർഷവും അരങ്ങേറി. വോട്ടെണ്ണൽ അട്ടിമറിച്ചെന്ന് ആരോപിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എൻ.എസ്.യു.ഐ സ്ഥാനാർത്ഥി വിശേഷ് യാദവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചു. കുത്തിയിരുന്നു പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
നേട്ടം കൊയ്ത് എസ്.എഫ്.ഐ
ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ രണ്ട് കോളേജുകളിൽ നേട്ടം കൊയ്ത് എസ്.എഫ്.ഐ. ഭാസ്‌കരാചാര്യ കോളേജിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർച്ചി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പി കോട്ടയായ ഇവിടെ 15 വർഷത്തിനു ശേഷം ആദ്യമായാണ് എസ്.എഫ്.ഐ ജയിക്കുന്നത്. സാക്കിർ ഹുസൈൻ കോളേജിൽ ജോയിന്റ് സെക്രട്ടറി സ്ഥാനവും എസ്.എഫ്.ഐ നേടി. എസ്. ജിതേന്ദ്രയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |