പൂനെ: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിശ്രുത വധുവിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം. കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി കാമുകനായ ചേതൻ ചൗധരിയ്ക്ക് നൽകിയെന്ന് ഉദ്യോഗസ്ഥർ. ചോദ്യം ചെയ്യലിൽ സിയ ഇക്കാര്യം സമ്മതിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കരിയർ കെട്ടിപ്പടുക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി ചേതൻ ഈ പണം ഉപയോഗിച്ചെന്നാണ് വിവരം.
അതേസമയം,കേതനുമായുള്ള വിവാഹ നിശ്ചയത്തിന് ആഴ്ചകൾക്ക് മുൻപ് സിയയും ചേതനും ഉദയ്പൂരിലേക്ക് യാത്ര ചെയ്തുവെന്നും ഇരുവരും ഇവിടെ ഒന്നിച്ചു കഴിഞ്ഞുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തെന്ന് മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. ഇത് പ്രകാരം ചേതന്റെ നിർദ്ദേശത്താലാണ് കോട്ടയിലെ മറ്റു സഞ്ചാരികളൊന്നും ഇല്ലാത്തിടത്തെ വ്യൂ പോയിന്റിലേക്ക് കേതനെ കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും അറിയാതിരിക്കാൻ കഴിഞ്ഞ മൂന്ന് മാസത്തെ ചാറ്റുകളും വോയ്സ് നോട്ടുകളും സിയയും ചേതനും ഫോണുകളിൽനിന്ന് നീക്കി. ഇവ ഫൊറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ സൈബർ വിഭാഗം വീണ്ടെടുക്കാനും ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ 18നാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ ലോഹഗഡ് കോട്ടയിലെ മലമുകളിൽ നിന്ന് വീണുമരിച്ചത്. അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് ആസൂത്രിത കൊലപാതകമെന്ന് തെളിയുകയായിരുന്നു.
മൂന്ന് വർഷത്തിന് ശേഷം
ചേതനുമായി വിവാഹം
വിവാഹബന്ധം വേർപ്പെടുത്തിയശേഷം കാമുകനൊത്ത് ജീവിക്കുന്നത് ഇരുവർക്കും പേരുദോഷം ഉണ്ടാക്കുമെന്ന് ചേതനും സിയയും ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്. കേതന്റെ മരണത്തിന് ശേഷം മറ്റൊരു വിവാഹത്തിന് മൂന്ന് വർഷത്തോളം സമയമെടുക്കുമെന്ന കണക്കുകൂട്ടലിൽ സിയയും ഇതിനിടയൽ സിയയുടെ കുടുംബത്തോട് വിവാഹകാര്യം സംസാരിക്കാൻ ചേതനും പദ്ധതിയിട്ടു. വീട്ടുകാരുടെ അനുവാദം ലഭിച്ചതിന് ശേഷം ഇരുവരുടേയും വിവഹം സാധാരണ രീതിയിൽ നടത്താനായിരുന്നു തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |