
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനു പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. പടക്കപ്പുകയും നിലവിലുള്ള മലിനീകരണവും കൂടിച്ചേർന്നതോടെ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വായുനിലവാരം അതീവഗുരുതര നിലയിലെത്തി. ഇന്നലെ രാവിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) കണക്കുപ്രകാരം നഗരത്തിലെ ശരാശരി വായുനിലവാര സൂചിക (എ.ക്യു.ഐ) 376 ആയിരുന്നു. 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 20 ഇടത്ത് എ.ക്യു.ഐ 400 കടന്നു.
സോണിയ വിഹാറിൽ 449,ബുറാരി ക്രോസിംഗിൽ 445,വിവേക് വിഹാറിൽ 441,ജഹാംഗീർപുരിയിൽ 439 എന്നിങ്ങനെയായിരുന്നു എ.ക്യു.ഐ. ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലും രോഹിണിയിലും 430ന് മുകളിൽ. നഗരത്തിലെ 33 കേന്ദ്രങ്ങളിൽ വായുനിലവാരം മോശം വിഭാഗത്തിലുമായി. ഡൽഹിക്കു പുറമേ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും മലിനീകരണം രൂക്ഷമായിട്ടുണ്ട്.
അംഗീകൃത ഹരിത പടക്കങ്ങൾ നിശ്ചിത സമയങ്ങളിൽ പൊട്ടിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം ഉണ്ടായിട്ടും ദീപാവലി രാത്രിയിൽ വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണ തോത് വർദ്ധിപ്പിച്ചതെന്നാണ് വിവരം.
1152 വയൽ കത്തിക്കൽ
കേസുകൾ
ഡൽഹി വായുമലിനീകരണത്തിൽ ശ്വാസംമുട്ടുമ്പോൾ പഞ്ചാബിൽ നെൽക്കൃഷിയുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് വർദ്ധിക്കുന്നു. ദീപാവലി ദിനത്തിൽ സംസ്ഥാനത്ത് 1,152 വയൽ കേസ് റിപ്പോർട്ട് ചെയ്തു. ഈ സീസണിലെ ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. ഇതോടെ സെപ്തംബർ 15 മുതൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 4,459 ആയി. വായുമലിനീകരണത്തിന്റെ പേരിൽ ഡൽഹി-ഹരിയാന സർക്കാരുകളുമായി പഞ്ചാബ് സർക്കാരിന്റെ വാക്‌പോര് തുടരുകയാണ്. പഞ്ചാബിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനു പിന്നിൽ ആം ആദ്മി പാർട്ടിക്ക് പങ്കുണ്ടെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര ആരോപിച്ചു. ഇക്കാര്യത്തിൽ പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരേ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |