SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.03 AM IST

വിമാന ടിക്കറ്റ് കൊള്ള തടയാൻ  സുപ്രീം കോടതി, ചട്ടങ്ങൾ തയ്യാറെന്ന് കേന്ദ്രം 

READ ENGLISH VERSION

flight


ന്യൂഡൽഹി: സുപ്രീം കോടതി ഇടപെട്ടതോടെ, വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ടിക്കറ്റ് നിരക്കിലെ കൊള്ള തടയാനും ഒന്നര വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാമെന്ന് കേന്ദ്ര സർക്കാർ.

ടിക്കറ്റ് കൊള്ളയ്ക്ക് നിരന്തരം ഇരയാവുന്ന മലയാളി പ്രവാസികൾക്ക് ആശ്വാസമാവുകയാണ് കോടതിയുടെ ഇടപെടൽ.

ചൂഷണം അവസാനിപ്പിക്കാൻ ഉത്തരവിറക്കുമെന്ന് ജനുവരി 20ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

വിമാന കമ്പനികളെ നിയന്ത്രിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കൂടുതൽ അധികാരം നൽകുന്ന നിയമം പാസാക്കിയിട്ടും നടപ്പാക്കാൻ കേന്ദ്രം താത്പര്യം കാട്ടിയിരുന്നില്ല.

ചടങ്ങൾ രൂപീകരിച്ചെന്നും ജൂലായ് 20 മുതൽ ആഗസ്റ്റ് 13 വരെ നടക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും കേന്ദ്രം ഇന്നലെ ബോധിപ്പിച്ചു.

ചട്ടങ്ങൾ പാ‌ർലമെന്റിൽ വച്ചാലും ഇല്ലെങ്കിലും അവയുടെ പകർപ്പ് മുദ്രവച്ച കവറിൽ രണ്ടാഴ്ചയ്‌ക്കകം കോടതിക്ക് കൈമാറണമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ആഗസ്റ്റ് മൂന്നിന് പരിഗണിക്കാനും തീരുമാനിച്ചു.

വിമാനക്കമ്പനികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ എസ്. ലക്ഷ്‌മീ നാരായണൻ സമർപ്പിച്ച ഹ‌ർജിയിലാണിത്. ചട്ടങ്ങളിലെ ഉള്ളടക്കം കേന്ദ്രം പരസ്യമാക്കിയിട്ടില്ല. 2024ലെ ഭാരതീയ വായുയാൻ അധിനിയമവുമായി ബന്ധപ്പെട്ടതാണ് ചട്ടങ്ങൾ. 2025 ജനുവരി ഒന്നിനാണ് നിയമം പ്രാബല്യത്തിൽ വന്നിരുന്നത്.


10,​000 രൂപയുടെ

ടിക്കറ്റിന് 40,​000

മലപ്പുറം: മലയാളികളുടെ ഓരോ ഒഴിവു വേളയിലും ടിക്കറ്റ് നിരക്ക് ഉയർത്തി കൊള്ളയടിക്കുന്നത് പതിവാണ്.

പരീക്ഷകൾക്കു ശേഷം ഗൾഫിലെ സ്‌കൂളുകൾ ജൂണിൽ അടച്ചതോടെ ടിക്കറ്റ് നിരക്കുകൾ നാലിരട്ടിയോളമാണ് വർദ്ധിപ്പിച്ചത്. സാധാരണ സമയങ്ങളിൽ 10,​000 രൂപയ്ക്കുള്ളിൽ വരെ ലഭ്യമായിരുന്ന ദുബായ് - കൊച്ചി ടിക്കറ്റിന് ഇപ്പോൾ 40,​000ത്തിന് മുകളിലാണ് ഈടാക്കുന്നത്.

നാലംഗങ്ങളുള്ള ഒരുപ്രവാസി കുടുംബത്തിന് നാട്ടിലെത്താൻ രണ്ട് ലക്ഷത്തോളം രൂപ ചെലവാകും. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെ തുടർന്നും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യോമപാതകൾ മാറിയതും യാത്രാസമയം കൂടിയതുമാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി എയർലൈനുകൾ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലേക്കുള്ള നിരക്കുകൾ

(രൂപയിൽ)​

രാജ്യം.............സാധാരണ നിരക്ക്..........കൂട്ടിയ നിരക്ക്

യു.എ.ഇ

(ദുബായ്/ഷാർജ

/അബുദാബി)......... 10,000 - 15,000.......... 40,000 - 46,000

സൗദി അറേബ്യ

(റിയാദ്/ജിദ്ദ/ദമ്മാം)....15,000 - 20,000.......36,000 - 44,000

ഖത്തർ

(ദോഹ)................13,000 -16,000....................35,000 - 42,000

ഒമാൻ

(മസ്കറ്റ്)..................11,000 - 14,000..................... 32,​000 - 38,​000

(ഒരാഴ്ചയായി നിരക്കിൽ ചെറിയ കുറവുണ്ട്-

ദുബായിലേക്ക് അരലക്ഷമായിരുന്നു നിരക്ക്)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360