ന്യൂഡൽഹി: വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ശാരീരികക്ഷമതയും മാനസിക ശക്തിയും ആത്മവിശ്വാസവുമുള്ള, ലഹരി ശീലമില്ലാത്ത യുവതലമുറ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരിക്കെതിരായ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ' വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 28,000ത്തിലധികം കേന്ദ്രങ്ങളിൽ ഒരു കോടിയിലധികം ആളുകൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
യുവാക്കളുടെ സ്വപ്‌നങ്ങളെ ലഹരി തകർക്കും. കുടുംബത്തിലോ സമൂഹത്തിലോ ഉണ്ടാകുന്ന തകർച്ച രാജ്യത്തെയാണ് ദുർബലപ്പെടുത്തുന്നത്. ലഹരി നൽകുന്ന താത്കാലിക ആവേശം കരിയറിലും കുടുംബജീവിതത്തിലും ശാശ്വതമായ തിരിച്ചടിയാണ് ഉണ്ടാക്കുക. സ്റ്റാറ്റസ് ചിന്തകൾ മറന്ന് ലഹരിക്ക് അടിമകളായവരെ ചികിത്സിക്കണം. കുട്ടികൾ ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ കുടുംബത്തിനുള്ളിൽ ആശയവിനിമയത്തിന്റെ സംസ്കാരം വളർത്തിയെടുക്കണം. ഒരാൾ അബദ്ധത്തിൽ ലഹരിക്കെണിയിൽ അകപ്പെട്ടാലും എല്ലാ വഴികളും അടഞ്ഞെന്ന് അർത്ഥമില്ല.
ലഹരിമുക്തി നേടിയവർ ഭൂതകാല ചിന്തകൾ കൈവിടണം. സ്കൂളുകളിലും കോളേജുകളിലും സമൂഹത്തിലും ലഹരിമുക്തജീവിത സന്ദേശം പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. വരുന്ന 100 ഞായറാഴ്ചകൾ ലഹരിമുക്തമായ ഇന്ത്യയിലേക്കുള്ള കരുത്തുറ്റ 100 ചുവടുവയ്പ്പുകളായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് ശേഷം കേന്ദ്ര സർക്കാർ ചെറുപ്പക്കാരിലേക്ക് അടുക്കാൻ ശ്രമങ്ങൾ തുടങ്ങിയതിന്റെ തുടർച്ചയായാണ് ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |