ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്നതിന്റെ നടപടിക്രമങ്ങൾ നീതിയുക്തമായിരിക്കണമെന്നും അക്കാര്യം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും സുപ്രീംകോടതി നിലപാടെടുത്തു. പൗരത്വം തീരുമാനിക്കുന്നത് ന്യായമായ പ്രക്രിയയിലൂടെയാകണം.
ഭരണഘടനാപരമായും നിയമപരമായും പ്രാധാന്യമുള്ള വിഷയമാണ്. അർഹതയില്ലാത്തവർക്ക് അതു ലഭിക്കാൻ പാടില്ലെന്ന് ഭരണകൂടത്തിന് താത്പര്യമുണ്ടാകും. എന്നാൽ നിയമപരമായ പ്രക്രിയയിലൂടെയാണ് അതു ചെയ്യേണ്ടത്. വിദേശിയാണെന്ന് പ്രഖ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.
അസാമിലെ 27 പേർ ഇന്ത്യൻ പൗരന്മാരല്ലെന്നും, വിദേശികളാണെന്നും അവിടുത്തെ ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവിട്ടത് ഗുവാഹത്തി ഹൈക്കോടതി ശരിവച്ചിരുന്നു.ഹൈക്കോടതി വിധി ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. അസാമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ രേഖകൾ അടക്കം പരിശോധിച്ച് പുതുതായി തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.
ഹൈക്കോടതി വിധിക്കെതിരെ 27 പേരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുന്ന സാഹചര്യം വരെ സംജാതമായിരുന്നു.
അപ്പീലിലെ മെരിറ്റിലേക്ക് കടക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജിക്കാർ ഫോറിനേഴ്സ് ട്രൈബ്യൂണലിന് മുന്നിൽ സമർപ്പിച്ച ഏതെങ്കിലും രേഖ യഥാർത്ഥമാണോ, അത് സ്വീകരിക്കാൻ കഴിയുമോ, പ്രസക്തമായ രേഖയാണോ, പൗരത്വം നിർണയിക്കാൻ അതു പര്യാപ്‌തമാണോ തുടങ്ങിയവയെ കുറിച്ച് കോടതി അഭിപ്രായം പ്രകടിപ്പിക്കുന്നില്ല. അക്കാര്യങ്ങൾ ട്രൈബ്യൂണൽ സ്വതന്ത്രമായി തീരുമാനിക്കണം. ട്രൈബ്യൂണലിലേക്ക് വിഷയം മടക്കി അയക്കുന്നത് ഹർജിക്കാർക്ക് സുപ്രീംകോടതി ആശ്വാസം നൽകിയെന്ന മട്ടിൽ വിലയിരുത്തേണ്ടതില്ല. 1946ലെ ഫോറിനേഴ്സ് ആക്‌ട്, 1964ലെ ഫോറിനേഴ്സ് (ട്രൈബ്യൂണൽസ്) ഓർഡർ എന്നിവ പ്രകാരം തീരുമാനമെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |