
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാരത്തിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിനെ ബലംപ്രയോഗിച്ച് ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 7.15ഓടെ സമരപ്പന്തലിൽ മഫ്തി വേഷത്തിലെത്തിയ പൊലീസ് സംഘം, വിദ്യാർത്ഥികളുടെയും കോക്രോച്ച് പാർട്ടി അനുകൂലികളുടെയും ശക്തമായ പ്രതിഷേധം മറികടന്ന് വാങ്‌ചുകിനെ കസ്റ്റഡിയിലെടുത്തു. നേരെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എസ്.എഫ്.ഐ പ്രവർത്തകർ അടക്കം സമീപത്ത് നിരാഹാരമിരിക്കുന്നുണ്ടായിരുന്നു. പൊലീസും പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പൊലീസ് ലാത്തി വീശി.
വാങ്‌ചുകിനെ നീക്കിയതിനു പിന്നാലെ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് നടപടിയെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും തുടർച്ചയായ നിരീക്ഷണത്തിലാണെന്നും സഫ്ദർജംഗ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തന്റെയോ, കുടുംബത്തിന്റെയോ അനുമതിയില്ലാതെ വാങ്‌ചുകിന് മരുന്നു നൽകുകയോ കുത്തിവയ്ക്കുകയോ ചെയ്യരുതെന്ന് ഭാര്യ ഗീതാജ്ഞലി ആഗ്‌മോ ആവശ്യപ്പെട്ടു.
ഇതിനിടെ, അഭിജിത് ദീപ്കയ്‌ക്കു നേരെ മഷിയേറുണ്ടായി. വൈകിട്ട് 4ന് ജയ് ശ്രീറാം വിളികളോടെ പ്രവർത്തകർക്കിടയിൽ നിന്ന് യുവതി മഷിയെറിയുകയായിരുന്നു. ഉടൻ അവിടെ നിന്ന് യുവതി രക്ഷപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച അടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം.
വിമർശിച്ച് പ്രതിപക്ഷം
പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. ബി.ജെ.പിയുടെ ഹിംസ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാരിന്റെ പരാജയമാണ് സൂചിപ്പിക്കുന്നതെന്ന് ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളും, ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചു. ബി.ജെ.പി സർക്കാരിന്റേത് സ്വേച്ഛാധിപത്യ സ്വഭാവമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |