
അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്ത ജെയ്‌ഷെ ഭീകരർ ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണവും നടത്തിയെന്ന് റിപ്പോർട്ട്. അറസ്റ്റിലായ ഭീകരരിൽ രണ്ടുപേരാണ് ജമ്മു കാശ്മീരിൽ പ്രത്യേക ആയുധ പരിശീലനം നേടിയത്. എ.കെ 47 തോക്കുകളടക്കം ഉപയോഗിക്കാൻ ഇവർക്ക് പരിശീലനം ലഭിച്ചു. കൂടാതെ ജൈവായുധ പ്രയോഗങ്ങളിലും മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷവാതകം നിർമ്മിക്കുന്നതിലടക്കം പരിശീലനം നേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അബ്ദുള്ള എന്നയാളുടെ നേതൃത്വത്തിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ ഗുജറാത്ത് മൊഡ്യൂളും പ്രവർത്തിച്ചത്. കൂടാതെ പരിശീലനത്തിന്റെ ഭാഗമായി എട്ടിടങ്ങളിൽ രഹസ്യമായി ബോംബ് പരീക്ഷണം നടത്തിയതായും റിപ്പോർട്ടുകളിലുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ ഫൊറൻസിക് കണ്ടെടുത്തു.
അബ്ദുള്ള നൽകിയ മൂന്നുലക്ഷം രൂപ ഉപയോഗിച്ച് അറസ്റ്റിലായവർ ഒരു കാറും ബൈക്കും വാങ്ങിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഈ വാഹനങ്ങളിൽ സഞ്ചരിച്ചാണ് പ്രതികൾ നഗരത്തിൽ നിരീക്ഷണം നടത്തിയത്. അഹമ്മദാബാദിലെ ഏതെങ്കിലും പ്രമുഖ ഹോട്ടലിൽ ആക്രമണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും ഇതിനായി നിരീക്ഷണം നടത്തിവരികയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരുടെ ഒളിയിടത്തിൽ നടത്തിയ പരിശോധനയിൽ 43 ജിഹാദി പുസ്തകങ്ങളും വിവിധ ഡിജിറ്റൽ തെളിവുകളും എ.ടി.എസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസമാണ് പാകിസ്ഥാൻ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള അഞ്ചുപേരെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് സ്വദേശികളായ ബിലാൽ ഷേര (24) മുഹമ്മദ് അയ്യൂബ് കദിവാൾ (22) അയ്യൂബ് സുൻസാര (20) ഷഫ്രിയ റായിസ് മുക്തി (21) മുഹമ്മദ് ഹസ്സൻ കർദിയ (20) എന്നിവരാണ് അറസ്റ്റിലായവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |